പങ്കജ് ഉദാസ്

ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്കുള്ള ഗസൽ

കോവിഡ് സമസ്ത മേഖലകളെയും ബാധിച്ചതുപോലെ സംഗീത മേഖലയെയും വല്ലാതെ തകർത്തിരുന്നു. ഏറ്റവും വലിയ ആഘാതമായിരുന്നു ഇതിഹാസ ഗായകനായ എസ്.പിയുടെ വിടവാങ്ങൽ. കോവിഡിനു ശേഷം സംഗീത മേഖലക്ക് കാര്യമായ മാറ്റം സംഭവിച്ചു. നേരിട്ടുള്ള സംഗീത മേളകൾക്കു പകരം ഡിജിറ്റൽ മേഖലയെ, സമൂഹ മാധ്യമങ്ങളെ ധാരാളമായി ആശ്രയിക്കുന്ന അവസ്ഥ ഉടലെടുത്തു. ഇത് പല പ്രമുഖ ഗായകരെയും മാനസികമായി തളർത്തിയിരുന്നു. എന്നും ജനങ്ങളുടെയിടയിൽ അവരുടെ, കൈയടിയുടെ, തലയാട്ടലിന്റെ, ആരവങ്ങളുടെ ഇടയിൽ ജീവിച്ച ഗായകർക്ക് അതൊന്നുമില്ലാതെയുള്ള പാട്ടുപാടൽ ഒരുതരം ശ്വാസംമുട്ടലായി മാറിയിരുന്നു, പ്രത്യേകിച്ചും ഗസൽ ഗായകരുടെ.

മറ്റൊരു ഗാനശാഖ പോലെയുമല്ല ഗസൽ. അത് ഗായകനും കേൾവിക്കാരും തമ്മിലുള്ള കൊടുക്കൽവാങ്ങലിന്റെ ഇടംകൂടിയാണ്. അവർക്കുവേണ്ടി ആലാപനത്തിന്റെ നിർവചനങ്ങളെ വേദികളിൽവെച്ചു​തന്നെ അട്ടിമറിക്കാറുണ്ട് ജനപ്രിയ ഗായകർ. പങ്കജ് ഉധാസ് എന്ന ജനപ്രിയ ഗസൽ ഗായകന് അസ്വാദകരുടെ ആരവങ്ങളോടായിരുന്നു എന്നും ഇഷ്ടം. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യൻ ആസ്വാദകർക്ക് പ്രിയപ്പെട്ട ഗായകനായിരുന്നു പങ്കജ് ഉധാസ്. ഇന്ത്യയുടെ ഗസൽ ഗായകരിലെ ഏറ്റവും ജനപ്രിയൻ പങ്കജ് തന്നെ. കോവിഡിന്റെ ആഘാതത്തെക്കുറിച്ച് പങ്കജ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

രണ്ടുവർഷത്തെ മൗനം. മൗനമെന്നാൽ വേദികളിൽനിന്ന് പാട്ടുനിന്നു എന്നുമാത്രം. പതിവ് ‘റിയാസ്’ (സംഗീതസാധകം) തുടർന്നുകൊണ്ടേയിരുന്നു. രണ്ടു വർഷത്തിനു ശേഷമാണ് ഉത്തർപ്രദേശിലെ റാംപൂരിൽ ഒരു ഗസൽ പ്രോഗ്രാമിന് എത്തിയത്. തന്നെ പലരും മറന്നുപോയിക്കാണും എന്ന് വെറുതെ തെറ്റിദ്ധരിച്ച പങ്കജ് ഉധാസ് ആറായിരത്തിലധികം വരുന്ന ആസ്വാദകരെ കണ്ട് ഞെട്ടിപ്പോയി. അറിയാതെ കണ്ണുനീർ വന്നുപോയി എന്ന് പങ്കജ് ഉധാസ് പറഞ്ഞിരുന്നു. അത്രത്തോളം ജനപ്രിയനായിരുന്നു പങ്കജ് ഉധാസ് ഇന്ത്യക്കാർക്ക്.

മലയാളികളെ സംബന്ധിച്ചും വ്യത്യസ്തമല്ല. കാസെറ്റുകൾ സജീവമായത് എൺപതുകളിലാണ്. അതിനുമുമ്പ് സംഗീതത്തിന് പ്രധാനമായും നാം ആശ്രയിച്ചിരുന്നത് റേഡിയോ ആയിരുന്നു. അതുകൊണ്ടുതന്നെ ഉത്തരേന്ത്യൻ സംഗീത ശാഖയായ ഗസൽ ആസ്വദിക്കാനുള്ള അവസരം നമുക്ക് കുറവായിരുന്നു. കാസെറ്റ് നടത്തിയ വലിയ വിപ്ലവങ്ങളിലൊന്ന് നമുക്ക് പരിചിതമല്ലാത്ത സംഗീത ശാഖകളെ ജനങ്ങളിൽ എത്തിച്ചു, അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗസൽ. അത്തരത്തിൽ അക്കാലത്ത് കേരളത്തിൽ ഏറ്റവും ജനപ്രിയനായ ഗസൽ ഗായകൻ പങ്കജ് ഉധാസ് ആയിരുന്നു. അദ്ദേഹത്തേക്കാൾ പ്രഗത്ഭരായ ഗായകർ ഉണ്ടെങ്കിലും ഏറ്റവും ജനപ്രിയൻ പങ്കജ് തന്നെയായിരുന്നു. മാസ്മരികമായ ശബ്ദമായിരുന്നു കാരണം. ശ്രുതിശുദ്ധവും ആർദ്രവും കാവ്യാത്മകവും വശ്യവുമായ ശബ്ദം കേൾക്കുന്ന മാത്രയിൽതന്നെ ആരുടെയും ഹൃദയം കീഴടക്കുമായിരുന്നു.

മലയാളികൾക്ക് അദ്ദേഹത്തെ നേരിട്ട് കേൾക്കാൻ കുറച്ച് അവസരങ്ങൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. കേരളത്തിലെ പ്രധാന നഗരങ്ങളിലെ വിഖ്യാത വേദികളിൽ മാത്രമേ അദ്ദേഹത്തിന്റെ ഗസൽ നടന്നിട്ടുള്ളൂ. അത് കേൾക്കാൻ അവസരം ലഭിച്ചിട്ടുള്ള ഒരാളും ആ നാദധാര മറന്നിട്ടുണ്ടാകില്ല. ശുദ്ധസംഗീതത്തിൽനിന്ന് ഡിജിറ്റൽ സംഗീതത്തിലേക്ക് കാലം വഴിമാറിയതോടെയാണ് പങ്കജിന്റെ സംഗീതത്തിന് ചെറിയ ഇടിവ് സംഭവിച്ചത്. എങ്കിലും അദ്ദേഹത്തിന്റെ പോപുലർ ഗസലുകളും സിനിമാഗാനങ്ങളും കാലാതിവർത്തിയാണ്.

ഗുലാം അലിയും മെഹ്ദി ഹസനുമൊക്കെ അരങ്ങുവാഴുന്ന കാലത്ത് നന്നേ ചെറുപ്പക്കാരനായിരുന്ന പങ്കജ്, അതിവേഗംതന്നെ ഗസൽ ആരാധകരുടെ ഹൃദയം കീഴടക്കിയത് വശ്യമായ ആലാപനം ഒന്നുകൊണ്ടുതന്നെയായിരുന്നു. മറ്റുള്ളവരൊക്കെ ക്ലാസിക്കൽ സംഗീതത്തിലുള്ള അറിവ് ധാരാളമായി ഗസലിൽ നിറയ്ക്കുമ്പോൾ അതിനേക്കാൾ വലിയ പ്രാധാന്യം ഭാവാത്മകമായ ആലാപനത്തിനാണ് പങ്കജ് ഉധാസ് നൽകിയത്.

ആ ഹൃദയബന്ധമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. പങ്കജ് ഉധാസിന്റെ ഗാനങ്ങൾ മലയാളികൾ പാടിനടക്കുന്ന കാലത്ത് മലയാളിയായ ഹരിഹരൻ കേരളത്തിൽ ഒട്ടും അറിയപ്പെട്ടിരുന്നില്ല. പിന്നീട് വർഷങ്ങൾക്കു ശേഷം മാത്രമാണ് ഹരിഹരൻ കേരളത്തിൽ പോപുലറാകുന്നത്. പ്രവാസികൾ ധാരാളമുള്ള മലയാളത്തിന് ഹൃദയത്തോട് ചേർത്തുവെക്കാവുന്ന ഗാനമായിരുന്നു ‘ചിട്ടി ആയീ ഹേ..’ എന്നത്. വേദികൾ ഈ ഗാനം ഏറ്റെടുത്തതോടെ അത് സിനിമയിലുമെത്തി. അതോടെ അത് കോടിക്കണക്കിന് ജനങ്ങളുടെ പ്രിയഗാനമായി. ദീവാനോംസേ (Deevanomse) നിഖ് ലോനാ ബേ നകാബ്, ചാന്തി ജയ്സാ രംഗ് തുടങ്ങി എത്രയെത്ര ഗാനങ്ങൾ. നിരന്തരമായി ആൽബങ്ങൾ ചെയ്യുന്നതിന് പങ്കജിനെ ആരാധകർ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ശുഭ്രവസ്ത്രധാരിയായി എപ്പോഴും ചിരിക്കുന്ന മുഖത്തോടെയുള്ള പങ്കജിന്റെ സാന്നിധ്യംതന്നെ വേദിയുടെ അഴകായിരുന്നു. അത്ര അഴകാർന്നതായിരുന്നു ആ സംഗീതവും.

Tags:    
News Summary - Ghazal from heart to heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.