representational image

അർധരാത്രി സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ട യുവതി കൂട്ടബലാത്സംഗത്തിനിരയായി

ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 23 കാരിയായ യുവതിയെ ഓട്ടോ ഡ്രൈവറും രണ്ട് കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. കവിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആനന്ദ് പ്രകാശ് മിശ്രയെയും എസ്.ഐ ഇച്ചാരത്തെയുമാണ് ഗാസിയാബാദ് എസ്.എസ്.പി ജി. ജി.മുനിരാജ് സസ്‌പെന്‍റ് ചെയ്തത്.

മാർച്ച് 31ന് രാത്രി, ഒരു ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് ആരോപിച്ച് ഇരയായ യുവതിയുടെ സഹോദരനേയും അമ്മയെയും കവിനഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. അമ്മയും സഹേദരനും കുറ്റം ചെയ്തിട്ടില്ലെന്നും ഇവരെ വിട്ടയക്കാനും സ്റ്റേഷനിലെത്തിയ യുവതി എസ്.എച്ച്.ഒയോട് അപേക്ഷിച്ചു. എന്നാൽ, ഇരുവരുടെയും ആധാർ കാർഡുകളോ മറ്റ് തിരിച്ചറിയൽ രേഖകളോ സമർപ്പിക്കാൻ യുവതിയോട് എസ്.െഎ ആവശ്യപ്പെട്ടു.

അർധരാത്രിയായതിനാൽ രാവിലെ രേഖകൾ കൊണ്ടുവരാമെന്ന് യുവതി പറഞ്ഞെങ്കിലും എസ്.എച്ച്.ഒയും എസ്.ഐയും ആവശ്യം നിരസിച്ചു. രേഖകൾ ഉടൻ ഹാജരാക്കിയില്ലെങ്കിൽ ഇരുവരെയും ജയിലിലടക്കുമെന്ന് ഇവർ യുവതിയെ ഭീഷണിപ്പെടുത്തി.മറ്റ് മാർഗമില്ലാതെ പുലർച്ചെ ഒരു മണിയോടെ പെൺകുട്ടി വീട്ടിലേക്ക് മടങ്ങി. രേഖകൾ ശേഖരിച്ച് സ്റ്റേഷനിലേക്ക് തിരികെ പോകുമ്പോൾ ലാൽ കുവാനിനടുത്ത് ഓട്ടോ ഡ്രൈവറായ രോഹിത് ഗുജ്ജാറും ഇയാളുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് യുവതിയെ തട്ടിക്കൊണ്ട്പോയി കൂട്ട ബലാത്സംഗം ചെയ്തു.

അതേസമയം, മണിക്കൂറുകൾ കഴിഞ്ഞിട്ടും യുവതി സ്റ്റേഷനിൽ എത്താതിരുന്നപ്പോഴും എസ്.എച്ച്.ഒയും എസ്.ഐയും പ്രതികരിച്ചില്ല. സഹോദരനെയും അമ്മയെയും പിന്നീട് വീട്ടിലേക്ക് തിരിച്ചയക്കുകയും അന്വേഷണത്തിനായി രാവിലെ വരാൻ ഇവരോട് ആവശ്യപ്പെടുകയുമാണ് പൊലീസ് ചെയ്തത്. യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരനും അമ്മയും പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ രണ്ടിന് ദാദ്രിയിലെ ഒരു വീട്ടിൽ നിന്നാണ് ബന്ദിയാക്കപ്പെട്ട യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയത്.

ഓട്ടോ ഡ്രൈവർ രോഹിത്, ഭൂപേന്ദ്ര, ശിവം എന്നിവരെ അറസ്റ്റ് ചെയ്തു.ഏകദേശം ഒരു മാസത്തോളം യുവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട എഫ്‌.ഐ.ആറിൽ ബലാത്സംഗ കുറ്റം പൊലീസ് ചേർത്തിട്ടില്ലായിരുന്നു. ഐ.പി.സി 366 തട്ടിക്കൊണ്ടുപോകൽ പ്രകാരമുള്ള കുറ്റങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, മെയ് മാസത്തിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബലാത്സംഗ കുറ്റം ചുമത്തി.

അതേസമയം, എസ്.എച്ച്.ഒ ആനന്ദ് പ്രകാശ് മിശ്ര, എസ്.ഐ ഇച്ചാരത്തെ എന്നിവർക്കെതിരെ യുവതിയുടെ കുടുംബം മീററ്റ് എ.ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഹാപൂർ എ.എസ്.പി സെർവേഷ് മിശ്രയോട് വിഷയം അന്വേഷിക്കാൻ എ.ഡി.ജി.പി ആവശ്യപ്പെട്ടു. എ.എസ്.പിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പൊലീസുകാരെയും സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും ഗാസിയാബാദ് എസ്.എസ്.പി ജി. ജി. മുനിരാജ് പറഞ്ഞു.

Tags:    
News Summary - Ghaziabad: Woman kidnapped & raped while returning to police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.