സമ്മേളനത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ വിവിധ മുരുക ക്ഷേത്രങ്ങളുടെ നവീകരണത്തിനും സംസ്ഥാന സർക്കാർ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്ഹിന്ദുത്വ വികാരം ആളിക്കത്തിച്ചും വിദ്വേഷ പ്രചാരണം ശക്തമാക്കിയും തമിഴ്നാട്ടിൽ വേരുപിടിക്കാൻ ശ്രമങ്ങൾ നടത്തുന്ന ബി.ജെ.പിക്ക് ചെക്ക് വെക്കാൻ ആഗോള മുരുക സമ്മേളനവുമായി സംസ്ഥാനത്തെ ഡി.എം.കെ സർക്കാർ. ഈ മാസം 24, 25 തീയതികളിൽ മുരുകന്റെ ആറുപടൈ വീടുകളിലൊന്നായ പളനിയിലാണ് സമ്മേളനം നടക്കുക.സാമൂഹിക പരിഷ്കർത്താവായ...
സമ്മേളനത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ വിവിധ മുരുക ക്ഷേത്രങ്ങളുടെ നവീകരണത്തിനും സംസ്ഥാന സർക്കാർ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്
ഹിന്ദുത്വ വികാരം ആളിക്കത്തിച്ചും വിദ്വേഷ പ്രചാരണം ശക്തമാക്കിയും തമിഴ്നാട്ടിൽ വേരുപിടിക്കാൻ ശ്രമങ്ങൾ നടത്തുന്ന ബി.ജെ.പിക്ക് ചെക്ക് വെക്കാൻ ആഗോള മുരുക സമ്മേളനവുമായി സംസ്ഥാനത്തെ ഡി.എം.കെ സർക്കാർ. ഈ മാസം 24, 25 തീയതികളിൽ മുരുകന്റെ ആറുപടൈ വീടുകളിലൊന്നായ പളനിയിലാണ് സമ്മേളനം നടക്കുക.
സാമൂഹിക പരിഷ്കർത്താവായ പെരിയാർ രാമസാമിയുടെയും മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെയും യുക്തിചിന്തകളിൽ അടിയുറച്ചുവളർന്ന ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് ദൈവമായി കരുതപ്പെടുന്ന മുരുകനെ ഉയർത്തിക്കാണിക്കുക വഴി ബി.ജെ.പിയുടെ രാഷ്ട്രീയരാമനെ ചെറുക്കുന്നതിനൊപ്പം തമിഴ് സ്വത്വബോധം ആഘോഷമാക്കാനും ലക്ഷ്യമിടുന്നു. തിന്മകൾക്കെതിരായി യുദ്ധംചെയ്ത് വിജയം കൊയ്ത തമിഴരുടെ ദേവനായ വെട്രിവേൽ മുരുകന്റെ ലോകമൊട്ടുക്കുമുള്ള ഭക്തജനങ്ങൾക്കും മഹാസമ്മേളനത്തിലേക്ക് ക്ഷണമുണ്ട്.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് മാമാങ്കമായി കൊണ്ടാടിയപ്പോൾ മുതൽ തമിഴ് തനിമ ഉദ്ഘോഷിക്കുന്ന ആഗോള മുരുകൻ സമ്മേളനം നടത്താൻ ഡി.എം.കെ സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പരിപാടിയിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള 39 പണ്ഡിതരുടേതുൾപ്പെടെ 1,300 പ്രബന്ധങ്ങൾ അവതരിപ്പിക്കും. നാല് മുൻ ജഡ്ജിമാർ, 15 മതനേതാക്കൾ, 30 ആത്മീയ ഗുരുക്കൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. സംഗീത പരിപാടി, പ്രദർശനങ്ങൾ, സെമിനാറുകൾ എന്നിവയുമുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി എത്തുന്ന ഭക്തരെ സ്വീകരിക്കാനും സമ്മേളനം സുഗമമാക്കാനും ദേവസ്വം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥരും മതമേലധ്യക്ഷന്മാരും ഉൾപ്പെടുന്ന വിപുലമായ സംഘാടക സമിതിയും രൂപവത്കരിച്ചു.
സമ്മേളനം പ്രമാണിച്ച് കനത്ത സുരക്ഷാവലയത്തിലാണ് ക്ഷേത്ര നഗരമായ പളനി. ഭക്തരുടെയും വിശിഷ്ടാതിഥികളുടെയും വാഹനങ്ങൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. നിരീക്ഷണ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണുകൾ പറത്തുന്നത് നിരോധിച്ചു. ഹെൽപ് സെന്ററുകളും കൺട്രോൾ റൂമുകളും മെഡിക്കൽ കേന്ദ്രങ്ങളും തുറന്നു. പളനിമലയിലെ വിവിധ കേന്ദ്രങ്ങളിലായി മെഡിക്കൽ ക്യാമ്പുകളൊരുക്കാനും സന്ദർശകർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പളനിയിലേക്ക് പ്രത്യേക ബസ് സർവിസുകളും ഉണ്ടായിരിക്കും. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർബാബുവിന്റെ മേൽനോട്ടത്തിലാണ് സമ്മേളന ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ലോകമെമ്പാടുമുള്ള മുരുക ഭക്തർക്ക് അഭിമാനിക്കാവുന്ന തരത്തിൽ നടക്കുന്ന ഈ സമ്മേളനം തമിഴ്നാട് ഹിന്ദു ചാരിറ്റബിൾ വകുപ്പിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്ന് ശേഖർബാബു അവകാശപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ വിവിധ മുരുക ക്ഷേത്രങ്ങളുടെ നവീകരണത്തിനും സംസ്ഥാന സർക്കാർ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. തിരുച്ചെന്തൂർ മുരുകൻ കോവിലിനുമാത്രം ഈ വകയിൽ 300 കോടി രൂപയാണ് അനുവദിച്ചത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയ്നിധി സ്റ്റാലിന്റെ സനാതന ധർമം സംബന്ധിച്ച വിവാദ പരാമർശങ്ങൾക്കുശേഷം ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും നിലപാട് മയപ്പെടുത്താനുമുള്ള ഡി.എം.കെ സർക്കാറിന്റെ ശ്രമമായാണ് സമ്മേളനത്തെ നിരീക്ഷകർ കാണുന്നത്.
കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ. മുരുകൻ ബി.ജെ.പി തമിഴ്നാട് അധ്യക്ഷനായിരിക്കെ തമിഴ് ദൈവമായ മുരുകനെ ഉയർത്തിക്കാണിച്ച് ‘വേൽയാത്ര’ സംഘടിപ്പിച്ചിരുന്നു. പെരിയാറിന്റെ കടുത്ത അനുയായിയായ ‘നാം തമിഴർ കക്ഷി’ നേതാവ് സീമാൻ കടുത്ത മുരുക ഭക്തനായി മാറുകയും തമിഴ് ജനതയുടെ പൂർവികനാണ് മുരുകനെന്നും അവകാശപ്പെട്ട് രംഗത്തെത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.