representational image

മൂന്നുവയസുകാരനെ അജ്ഞാത ജീവി കൊന്നു; സിംഹമോ പുലിയോ ആകാമെന്ന് വനപാലകർ

ഗാന്ധിനഗർ: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഗിർവന മേഖലയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരൻ കൊല്ലപ്പെട്ടു. കുട്ടി ആക്രമിക്കപ്പെട്ട സ്ഥലത്തിന് അകലെയുള്ള വയലിൽ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഗിർ (ഈസ്റ്റ്) ഡിവിഷൻ വനത്തിലെ സവർകുണ്ഡ്‌ല റേഞ്ചിലെ ഘനശ്യാംനഗർ ഗ്രാമത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം നടന്നുപോകുന്നതിനിടെയാണ് കുട്ടിയെ വന്യമൃഗം ആക്രമിച്ചത്. സിംഹമോ പുള്ളിപ്പുലിയോ ആകാമെന്നാണ് വനപാലകർ സംശയിക്കുന്നത്.

'മധ്യപ്രദേശിൽ നിന്നുള്ള കുടിയേറ്റ കർഷകത്തൊഴിലാളി കുടുംബം വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് സംഭവം. കുട്ടിയെ വന്യമൃഗം ആക്രമിച്ച് വലിച്ചിഴച്ചു കാട്ടിലേക്ക് കൊണ്ടുപോയി. പ്രദേശവാസികൾ നൽകിയ വിവരവും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ കാൽ പാടുകളും അനുസരിച്ച് മിക്കവാറും ഇത് സിംഹമായിരിക്കാം. എന്നാൽ, സിംഹമാണോ പുള്ളിപ്പുലിയാണോ എന്ന് കണ്ടെത്താൻ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് മുഴുവൻ പരിശോധന നടത്തി. തുടർന്ന് ഗ്രാമത്തിലെ കൃഷിയിടത്തിന്റെ മറുവശത്ത് നിന്നാണ് കുട്ടിയുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്'- ഗിർ (ഈസ്റ്റ്) ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡി.സി.എഫ്) രാജ്ദീപ്സിങ് സാല പറഞ്ഞു. വന്യജീവിയെ കുടുക്കാൻ പ്രദേശത്ത് നാലോ അഞ്ചോ കൂടുകളെങ്കിലും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Gujarat: Child mauled to death in Gir forest, officials suspect by lion or leopard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.