ബന്ധുവിന്റെ കമ്പനിയിലെ ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ല; കൈവിരലുകള്‍ മുറിച്ച് യുവാവ്

ഗാന്ധിനഗര്‍: ബന്ധുവിന്റെ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ജോലി ചെയ്യാന്‍ യോഗ്യനല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ സ്വന്തം കൈവിരലുകള്‍ മുറിച്ചു മാറ്റി യുവാവ്. മയൂര്‍ താരപര(32) എന്ന യുവാവാണ് തന്റെ ഇടതു കൈയിലെ വിരലുകള്‍ കത്തി ഉപയോഗിച്ച് മുറിച്ചത്.

ഗുജറാത്തിലെ വരാച്ച മിനി ബസാറിലെ അനാഭ് ജെംസ് എന്ന സ്ഥാപനത്തില്‍ ജോലി വേണ്ടെന്ന് ബന്ധുവിനോട് പറയാന്‍ ധൈര്യമില്ലാത്തതിനാലാണ് മയൂര്‍ തന്റെ കൈ വിരലുകൾ മുറിച്ച് മാറ്റിയതെന്നാണ് സൂറത്ത് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ സ്ഥാപനത്തിലെ അക്കൗണ്ട്‌സ് വിഭാഗത്തിലായിരുന്നു മയൂര്‍ ജോലി ചെയ്തിരുന്നത്.

ലോക്കല്‍ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മയൂര്‍ തന്നെയാണ് വിരലുകള്‍ മുറിച്ചതെന്ന് കണ്ടെത്തിയത്.

സിംഗന്‍ പൂരിലെ ചാര്‍ റസ്തയ്ക്ക് സമീപത്തുള്ള ഒരു കടയില്‍ നിന്ന് മൂര്‍ച്ചയുള്ള കത്തി വാങ്ങിയതായി പിന്നീട് ചോദ്യം ചെയ്യലില്‍ മയൂര്‍ സമ്മതിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഇയാള്‍ മോട്ടോര്‍ സൈക്കിളില്‍ അമ്രോലി റിങ് റോഡില്‍ എത്തി തന്റെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം രാത്രി പത്ത് മണിയോടെ വിരലുകള്‍ മുറിച്ച് മാറ്റി. രക്തയോട്ടം തടയാന്‍ കൈമുട്ടിന് മുകളില്‍ ഒരു കയറും കെട്ടി. തുടര്‍ന്ന് കത്തിയും വിരലുകളും ഒരു ബാഗില്‍ ഇട്ട് വലിച്ചെറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. സുഹൃത്തുക്കളാണ് മയൂരിനെ ആശുപത്രിയിലെത്തിച്ചത്. ബാഗില്‍ നിന്ന് മൂന്ന് വിരലുകളും മറ്റൊരു ബാഗില്‍ നിന്ന് കത്തിയും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - gujarat-man-chops-off-own-fingers-to-avoid-working-as-computer-operator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.