ഛണ്ഡീഗഡ്: ബലാത്സംഗ കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന വിവാദ ‘ആൾദൈവം’ ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങിന് വീണ്ടും പരോൾ അനുവദിച്ച് ഹരിയാന ഗവൺമെന്റ്. റോഹ്തക്കിലെ സുനാരിയ ജയിലിൽ കഴിയുന്ന ഗുർമീതിന് 21 ദിവസത്തെ പരോളാണ് ലഭിച്ചത്. സ്ത്രീ പീഡകനും വിവാദ നായകനുമായ ഗുർമീത് തന്റെ രണ്ട് ഭക്തരെ ബലാത്സംഗം ചെയ്തതിനാണ് 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്.
2017നുശേഷം ഇത് 13-ാം തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്. ഈ വർഷം ഇത് രണ്ടാമത്തെ പരോളാണ്. ജനുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് മുപ്പത് ദിവസത്തെ പരോൾ ലഭിച്ചിരുന്നു. അന്ന് ദേരയുടെ ആസ്ഥാന മന്ദിരത്തിലാണ് ഇയാൾ തങ്ങിയത്. മുമ്പ് ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി തെരഞ്ഞെടുപ്പിന്റെ സമയത്ത് ഗുർമീതിന് പരോൾ ലഭിച്ചത് ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഈ മണ്ഡലങ്ങളിലെല്ലാം ഗുർമീതിന് ധാരാളം അനുയായികളുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദേരയുടെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് ഇയാൾക്ക് വീണ്ടും പരോൾ നൽകിയതെന്നാണ് സൂചനകൾ. 1948 ഏപ്രിൽ 29നാണ് ബാബാ ഷാ മസ്താന എന്നയാൾ ദേര സ്ഥാപിച്ചത്. വിവാദ ആശ്രമത്തിന്റെ 77-ാം വാർഷികമാണ് ഇത്തവണ.
ഇയാൾക്ക് വീണ്ടും വീണ്ടും പരോൾ അനുവദിക്കുന്നത് പല കോണുകളിൽനിന്നും വിമർശന വിധേയമാകുമ്പോഴും സംസ്ഥാന സർക്കാർ അത് ഗൗനിക്കുന്നില്ല. പത്രപ്രവർത്തകനായ രാം ചന്ദർ ഛത്രപതിയെ വധിച്ച കേസിലും ഗുർമീതിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഗുർമീതിന് ഓരോ തവണയും പരോൾ അനുവദിക്കുമ്പോഴും രാം ചന്ദർ ഛത്രപതിയുടെ മകൻ അൻഷുൽ ഛത്രപതി കടുത്ത എതിർപ്പുയർത്താറുണ്ടെങ്കിലും അതൊന്നും സർക്കാർ പരിഗണിക്കാറില്ല. തന്റെ വളർത്തുപുത്രിമാരുടെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് പരോൾ അനുവദിക്കണമെന്ന ഗുർമീതിന്റെ ഹരജി മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.