ഗ്യാൻവാപി പള്ളിയിൽ കൂടുതൽ സർവേ നടത്തണമെന്ന ഹരജി തള്ളി

ലഖ്നോ: ഗ്യാൻവാപി പള്ളി സമുച്ചയത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുവിഭാഗം നൽകിയ ഹരജി വാരണാസി കോടതി തള്ളി. ഫാസ്റ്റ്ട്രാക്ക് കോടതി സിവിൽ ജഡ്ജ് യുഗുൾ ശംഭുവാണ് ഹരജി തള്ളിയത്.

അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും എ.എസ്.ഐ സർവേ നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജില്ല കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരൻ പറഞ്ഞു. പള്ളി സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം സുപ്രിംകോടതി സീൽ ചെയ്തിരിക്കുകയാണ്.

ഗ്യാൻവാപി മസ്ജിദിലെ വുദുഖാനയിൽ (അംഗശുദ്ധിവരുത്തുന്ന സ്ഥലം) പുരാവസ്തു വകുപ്പിന്റെ സർവേ അനുവദിക്കരുതെന്നും ഈ ഭാഗം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണെന്നും മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജ​നു​വ​രി 31നാ​ണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള 'വ്യാസ് കാ ത‌ഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വാരാണസി ജി​ല്ല കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.

ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായാണ് നേരത്തെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ എ.എസ്.ഐ റിപ്പോർട്ട് നൽകിയിരുന്നത്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്‍റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ എ.എസ്.ഐ സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.

Tags:    
News Summary - Gyanvapi Mosque Case: Varanasi court dismisses Hindu side’s plea for additional ASI survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.