ന്യൂഡൽഹി: 2024 ലെ ഹജ്ജ് തീർഥാടനത്തിന് പോകുന്നവർക്ക് പരിശീലന മൊഡ്യൂളുകൾ, ഫ്ലൈറ്റ് വിശദാംശങ്ങൾ, താമസസൗകര്യം തുടങ്ങിയ വിവരങ്ങളും വിശദാംശങ്ങളും നൽകുന്ന ഹജ്ജ് സുവിധ ആപ്പ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി വിജ്ഞാൻ ഭവനിൽ ഞായറാഴ്ച പുറത്തിറക്കി.
ഹജ്ജ് സുഗമവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റാനുള്ള സർക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. ഹജ്ജ് സുവിധ ആപ്പ് തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളിലേക്കുള്ള മാർഗമാണെന്നും വേഗത്തിലുള്ള പരാതി പരിഹാരവും അടിയന്തര പ്രതികരണവും ഉപയോഗിച്ച് മികച്ച ഏകോപനവും നിയന്ത്രണവും ഉറപ്പാക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. യാത്രയ്ക്കിടെ തീർഥാടകർ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ ആപ്പിലൂടെ ലഭ്യമാകുമെന്നും ആദ്യമായി ഹജ് നിർവഹിക്കുന്നവർക്ക് ഇത് ഒരു അനുഗ്രഹമാകുമെന്നും അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചടങ്ങിൽ തീർഥാടകർക്കായി ഹജ്ജ് സുവിധ ആപ്പ് ഉപയോഗിക്കുന്നതിന് ഊന്നൽ നൽകിയും തീർഥാടനത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിനുമായി തയ്യാറാക്കിയ ‘ഹജ്ജ് ഗൈഡ് 2024’ ഇറാനി പുറത്തിറക്കി. ഗൈഡ് 10 ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും എല്ലാ ഹജ്ജ് തീർഥാടകർക്കും നൽകുകയും ചെയ്യും. ഹജ്ജ് 2024 ഒരുക്കങ്ങളുടെ ഭാഗമായി ദ്വിദിന പരിശീലന പരിപാടി വിജ്ഞാൻ ഭവനിൽ ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർലയുടെ സാന്നിധ്യത്തിൽ ഇറാനി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 550ലധികം പരിശീലകർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.