anil vij, nayab saini

ഹരിയാന ബി.ജെ.പിയിൽ കലഹം; മുഖ്യമന്ത്രി 'എയറി'ലാണെന്ന വിമർശനവുമായി മന്ത്രി അനിൽ വിജ്

ചണ്ഡീഗഡ്: മുഖ്യമന്ത്രി നയാബ് സെയ്‌നിയെ വിമർശിച്ച് ഹരിയാന ക്യാബിനറ്റ് മന്ത്രി അനിൽ വിജ്. മുഖ്യമന്ത്രി ഒരിക്കലും തന്‍റെ പറക്കും രഥത്തിൽ നിന്ന് താഴെ ഇറങ്ങില്ലന്ന് മന്ത്രി അനിൽ വിജ് പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ തന്‍റെ ഉത്തരവുകൾ പാലിക്കാത്തതിൽ നിരാശ പ്രകടിപ്പിക്കുകയും ആവശ്യമെങ്കിൽ കർഷക നേതാവ് ദല്ലേവാളിനെപ്പോലെ മരണം വരെ നിരാഹാരം ആചരിക്കാൻ തയാറാണെന്ന് പറയുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.

“മുഖ്യമന്ത്രിയായ നാൾ മുതൽ അദ്ദേഹം വായുവിൽ തുടരുകയാണ്. ഇറങ്ങിയിരുന്നെങ്കിൽ പൊതുജനങ്ങളുടെ ദുരിതം കേൾക്കാമായിരുന്നു. ഇത് എന്‍റെ ശബ്ദം മാത്രമല്ല; അത് എല്ലാ എം.എൽ.എമാരുടെയും എം.പിമാരുടെയും മന്ത്രിമാരുടെയും ശബ്ദമാണ്.

ഉദ്യോഗസ്ഥർ തന്‍റെ ഉത്തരവുകൾ പാലിക്കുന്നില്ലെന്ന മന്ത്രിയുടെ പരാമർശത്തിന് മണിക്കൂറുകൾക്ക് ശേഷം അംബാല ഡെപ്യൂട്ടി കമീഷണർ പാർത്ഥ് ഗുപ്തയെ സർക്കാർ സ്ഥലം മാറ്റിയിരുന്നു. കാരണം ഔദ്യോഗികമായി സൂചിപ്പിച്ചിട്ടില്ലെങ്കിലും, അനിൽ വിജിന്‍റെ പരാമർശവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. മന്ത്രിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, “അനിൽ വിജ് ഞങ്ങളുടെ നേതാവാണ്” എന്നാണ് സെയ്‌നി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

'തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് തന്‍റെ പരാജയം ഉറപ്പാക്കാൻ ശ്രമിച്ചു. ശക്തമായ രാഷ്ട്രീയ പിന്തുണയുള്ള ആരെങ്കിലും എന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആദ്യം സംശയിച്ചു, ഇല്ലാതാക്കാനുള്ള ശ്രമത്തിൽ വരെ എത്തി. എന്നാൽ ഇപ്പോൾ, അവർക്കെതിരെ ഒരു നടപടിയും എടുക്കാത്തതിനാൽ, എനിക്ക് അത് ബോധ്യപ്പെട്ടു. ഞാൻ മുതിർന്ന നേതാവാണ്. എന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പറയുന്നത്, ഉടൻ നടപടിയെടുക്കണമായിരുന്നു. കർശന നടപടിയില്ലെങ്കില് കുറഞ്ഞത് അവരെ പാർട്ടിയില് നിന്ന് മാറ്റുകയോ പുറത്താക്കുകയോ ചെയ്യണമായിരുന്നു. എന്നാൽ 100 ​​ദിവസം കഴിഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല' -അനിൽ വിജ് പറഞ്ഞു.

തന്‍റെ നിയോജക മണ്ഡലത്തിൽ താൻ നടത്തിയിരുന്ന പൊതുയോഗങ്ങൾ ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ല എന്ന കാരണത്താൽ നിർത്തിയതായും ഇത് തുടർന്നാൽ പ്രക്ഷോഭം ആരംഭിക്കുമെന്നും മന്ത്രി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

ആദ്യമായല്ല പാർട്ടി നേതൃത്വത്തെ വിജ് വിമർശിക്കുന്നത്. കൂട്ടബലാത്സംഗ കേസിൽ ഹിമാചൽ പ്രദേശ് പൊലീസ് കേസെടുത്തതിനെത്തുടർന്ന് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് മോഹൻ ലാൽ ബദോലി സ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പാർട്ടി കേന്ദ്ര നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബദോലിയുടെ രാജി ആവശ്യപ്പെട്ട ഏക സംസ്ഥാന ബി.ജെ.പി നേതാവായിരുന്നു അദ്ദേഹം.

Tags:    
News Summary - Haryana BJP minister Anil Vij slams CM Nayab Saini: ‘He never comes down from his flying chariot’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.