ന്യൂഡല്‍ഹി: തബ്ലീഗ് വേട്ടക്ക് പിന്നാലെ മുസ്ലിംകള്ക്കെതിരെ ആക്രമണവും ബഹിഷ്കരണവും നടന്ന ഹരിയാനയിലെ ഗ്രാമങ്ങളില്‍ മുസ്ലിംകളെ നിര്‍ബന്ധിതമായി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു. ഹിസാറിൽ 40 മുസ്ലിം കുടുംബങ്ങളെയും ഹരിവാലിയില് 12 മുസ്ലിം കുടുംബങ്ങളെയും മതപരിവര്‍ത്തനം നടത്തി. ഡല്‍ഹിയോട് അതിരിടുന്ന ബവാനയിലെ ഹരിവാലി, ജിഞ്ചോളി, നാഗല്‍ ഹിസാറിലെ ബുധ്മിറ, ജിണ്ഡ് ജില്ലയിലെ ധനോഡകലാന് എന്നിവിടങ്ങളിൽ പരിവര്‍ത്തന ശ്രമങ്ങള്‍ തുടരുകയാണ്. നാഗല്‍ ഗ്രാമത്തിലെ ആറ് കുടുംബങ്ങളെ മതംമാറ്റാന്‍ സമ്മര്‍ദമുണ്ട്.
ഹരിയാനയിലെ ബവാലി ജില്ലയില്‍ അന്വേഷണം നടത്തിയ മാധ്യമ പ്രവര്‍ത്തകനായ സയ്യിദ് അലി അഹ്മദാണ് വിവരം പുറത്തുകൊണ്ടുവന്നത്. ഹിസാറില്‍ 40 മുസ്ലിം കുടുംബങ്ങളെ നിര്‍ബന്ധിച്ച് മതം മാറ്റിയ സംഭവം പുറത്തുവന്നപ്പോഴാണ് സയ്യിദ് അലി അഹ്മദ് ‘ഇന്ത്യാ ടുമോറോ’ക്ക് വേണ്ടി അന്വേഷണം നടത്തിയത്.
ഹിസാറില്‍ മരിച്ച 80കാരിയായ മുസ്ലിം സ്ത്രീയുടെ മയ്യിത്ത് ഖബറടക്കാന്‍ അനുവദിക്കാതെ ഗ്രാമവാസികളായ ഹിന്ദുക്കള്‍ ഹൈന്ദവാചാരപ്രകാരം ദഹിപ്പിക്കുകയായിരുന്നു. ഹരിവാലിയില് മുസ്ലിം കുടുംബങ്ങളിലെ അഞ്ച് കാരണവന്മാരെ ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് പിടിച്ചുകൊണ്ടുപോയി മതംമാറ്റുകയായിരുന്നു.
മൊത്തം ഗ്രാമവാസികളെ വിളിച്ചുവരുത്തി അവര്‍ക്ക് മുന്നില്‍ മതം മാറ്റി ഗോമൂത്രം കലര്‍ത്തിയ വെള്ളം കുടിപ്പിച്ചു. ക്ഷേത്രത്തിലെ ചടങ്ങ് കഴിഞ്ഞ ശേഷം മേലില്‍ ഹിന്ദുക്കളായിരിക്കുമെന്ന് കാരണവന്മാരോട് പറഞ്ഞ ജാട്ടുകള്‍ നമസ്കരിക്കരുതെന്നും നോമ്പ് അനുഷ്ഠിക്കരുതെന്നും നിർദേശിച്ചു. മരിച്ചു കഴിഞ്ഞാല്‍ ദഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗ്രാമത്തിലെ ഖബര്സ്ഥാന് ഗോശാലയാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോടികളുടെ ഭൂമിയുള്ള ഖബര്സ്ഥാനാണിത്. ബവാനയിലെ പള്ളിയിലേക്ക് ജുമുഅ നമസ്ക്കാരത്തിനു പോയിരുന്ന ഹരിവാലിയിലെ മുസ്ലിംകള് ലോക്ഡൗണ്‍ മൂലം പോകാറില്ല.
എന്നാല്‍ ജാട്ടുകളുടെ ഭീഷണിക്ക് വഴങ്ങി ക്ഷേത്രത്തില്‍ പോകേണ്ടി വന്നുവെങ്കിലും മുസ്ലിമായി തന്നെ തുടരുമെന്നും അങ്ങനെ തന്നെ മരിക്കുമെന്നും ഗ്രാമവാസികൾ പറഞ്ഞു. വീടുകള്ക്കകത്താണ് നോമ്പും നമസ്കാരവും. ലോക്ഡൗണ്‍ അവസാനിച്ചാലുടന്‍ വിഷയം പൊതുശ്രദ്ധയിൽകൊണ്ടുവരും. ഈ മണ്ണില്‍ തന്നെമുസ്ലിംകളായി ജീവിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഒരു നിവൃത്തിയുമില്ലെങ്കില്‍ കൃഷിയും ഭൂസ്വത്തുക്കളും വിറ്റ് പലായനം ചെയ്യുമെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
ഇന്ത്യ- പാക് വിഭജന വേളയില്‍ ചില മുസ്ലിംകള് ഭയം മൂലം ഹിന്ദു നാമങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കിലും പിടിച്ചു കൊണ്ടുപോയി മതം മാറ്റിയിരുന്നില്ല. കോവിഡ് ബാധയുടെ പേരില്‍ തബ്ലീഗ് ആസ്ഥാനത്തിനെതിരായ നടപടിയുണ്ടാകുകയും അതേ തുടര്‍ന്ന് മാധ്യമങ്ങള്‍ ഒന്നടങ്കം വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്തതോടെയാണ് ജാട്ടുകൾ മുസ്ലിം വിരുദ്ധരായതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഹരിവാലിയിൽ തബ്ലീഗ് ജമാഅത്ത് പ്രവര്ത്തകനായതിെൻറ പേരില്‍ ദില്‍ഷാദ് എന്ന യുവാവ് ജാട്ടുകളുടെ ക്രൂര ആക്രമണത്തിനിരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.