ന്യൂഡൽഹി: ജാതിസമവാക്യങ്ങൾ നിർണായകമായ ഹരിയാനയിൽ മന്ത്രിസഭക്കായി ചർച്ചകൾ ഊർജിതമാക്കി ബി.ജെ.പി. മുഖ്യമന്ത്രിയടക്കം 14 മന്ത്രിസ്ഥാനങ്ങളാണ് ഹരിയാന നിയമസഭയിലുള്ളത്.
പരിചിതമുഖങ്ങളെ മാറ്റി പുതുമുഖങ്ങൾക്കവസരം നൽകിയ ബി.ജെ.പിക്ക് വീണ്ടും അസംതൃപ്തരെ സൃഷ്ടിക്കാതെ സർക്കാർ രൂപവത്കരിക്കുകയെന്നത് ശ്രമകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മനോഹർ ലാൽ ഖട്ടറിനെ മാറ്റി ആറുമാസം മുമ്പ് മുഖ്യമന്ത്രിക്കസേരയിലെത്തിയ നായബ് സിങ് സൈനിക്ക് തുടർച്ചയുണ്ടാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിവരം. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ സൈനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സൈനിയൊഴികെ ഹരിയാന നിയമസഭയിൽ 13 മന്ത്രിസ്ഥാനങ്ങളാണുള്ളത്. മുൻമന്ത്രിമാരിൽ ഇക്കുറി വിജയിച്ച മഹിപാൽ ദാണ്ഡയും മൂൽ ചന്ദ് ശർമയും മന്ത്രിസഭയിലുണ്ടായേക്കുമെന്നാണ് വിവരം. ബാക്കി മന്ത്രിസ്ഥാനങ്ങൾക്കായി ചരടുവലികൾ ഊർജിതമാണ്.
ഇത്തവണ ജാതീയ സമവാക്യങ്ങൾ കൃത്യമാക്കി സന്തുലിതമായ മന്ത്രിസഭ രൂപവത്കരിക്കുകയെന്ന ലക്ഷ്യം പാർട്ടിക്ക് ശ്രമകരമായേക്കും. എങ്കിലും കഴിഞ്ഞ ഡിസംബറിൽ രാജസ്ഥാൻ, ചത്തിസ്ഗഢ്, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളിലെ സമാന സാഹചര്യങ്ങൾ സമയബന്ധിതമായി തരണം ചെയ്യാനായതിലെ ആത്മവിശ്വാസമാണ് കേന്ദ്രനേതൃത്വത്തിന് തുണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.