ഷിരൂർ മണ്ണിടിച്ചിലിൽ അർജുനൊപ്പം കാണാതായ ചായക്കടക്കാരൻ ലക്ഷമണന്റെ വളർത്തുനായ ഗംഗാവാലി പുഴയിലെ രക്ഷാപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ

ഫോട്ടോ: പി. സന്ദീപ്

ആ നദിക്കരയിൽ അവൻ പ്രതീക്ഷയോടെ കാത്തിരിപ്പ് തുടരുന്നു; യജമാനനും കുടുംബവും ഒരിക്കലും തിരിച്ചുവരില്ല എന്നറിയാതെ...

അങ്കോല: ഉത്തര കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ 11ാം ദിവസവും തുടരുകയാണ്. അർജുനൊപ്പം ഷിരൂരിൽ ചായക്കട നടത്തിയിരുന്ന ലക്ഷ്മണനെയും കുടുംബത്തെയും കാണാതായിരുന്നു. ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തി. സുഹൃത്ത് സമീറുമായുള്ള ഫോൺ സംഭാഷണത്തിൽ ലക്ഷ്മണനെ കുറിച്ച് അർജുൻ പരാമർശിച്ചിരുന്നു. കെ. ലക്ഷ്മണ നായ്ക്, ഭാര്യ ശാന്തി, മക്കളായ റോഷൻ, അവന്തിക എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ണിനടിയിൽ നിന്ന് കിട്ടിയത്.

ലക്ഷ്മണനും കുടുംബത്തിനും കാവലായിരുന്ന നായയിപ്പോൾ കണ്ണീർ കാഴ്ചയായി മാറിയിരിക്കുകയാണ്. തന്റെ യജമാനനെയും കുടുംബത്തെയും മരണം കൊണ്ടുപോയെങ്കിലും അവനിപ്പോഴും ആ കരയിൽ കാവലിരിക്കുകയാണ്. എല്ലാം പുഴയെടുത്തുപോയ കരയിലാണ് സങ്കടത്തോടെയുള്ള ആ ഇരിപ്പ്. അവനെ അന്നമൂട്ടിയ കടയും യജമാനനും ഒപ്പം കളിച്ച മക്കളും ഒന്നും ഇപ്പോൾ ബാക്കിയില്ല. എന്നാൽ ബഹളമുഖരിതമായ ആ അന്തരീക്ഷത്തിൽ ശാന്തനായി ഒറ്റക്ക് കാവൽ നിൽക്കുകയാണ് അവൻ. നായ്ക്കൾ ഏറെയുള്ള സ്ഥലമായിരുന്നു അത്. എന്നാൽ തെരച്ചിലിനായി എത്തിച്ച യന്ത്രങ്ങളുടെ ശബ്ദകോലാഹങ്ങളിൽ അവയെല്ലാം ഭയന്നോടി. എന്നാൽ ഈ നായ മാത്രം യന്ത്രങ്ങൾക്കും പൊലീസിനും മാധ്യമങ്ങൾക്കും നടുവിൽ മുഖം കുനിച്ചിരിപ്പാണ്.

 

അവന്റെ തൊട്ടുപിറകിലുണ്ട് നാവിക സേന. ചിലപ്പോൾ അവിടേക്ക് ഒന്ന് കണ്ണോടിക്കും. പിന്നീട് മുഖം മണ്ണിലേക്ക് താഴ്ത്തി വെക്കും. മാധ്യമങ്ങളെ പറഞ്ഞുവിട്ടാലും പൊലീസ് അവനെ ഓടിക്കാൻ ശ്രമിക്കുന്നില്ല. വൃത്തിയോടെ മാത്രം കണ്ടിരുന്ന ആ നായയുടെ ദേഹം മുഴുവൻ ചെളി നിറഞ്ഞിരിക്കുകയാണ്.

ഷിരൂരിലെത്തിയിരുന്ന മലയാളികൾ ഭക്ഷണം കഴിച്ചിരുന്നത് ലക്ഷ്മണന്റെ കടയിൽ നിന്നായിരുന്നു. ആ ഭക്ഷണത്തി​ന്റെ രുചിയറിഞ്ഞാണ് ഈ നായയും വളർന്നത്. കടയുടെയോ ആ കുടുംബത്തിന്റെയോ തരിപോലും ബാക്കിയില്ലെങ്കിലും ആ മിണ്ടാപ്രാണി അവർക്കായി കാത്തിരിപ്പ് തുടരുകയാണ്.

Tags:    
News Summary - He continues to wait expectantly by that river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.