ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിലെ നികുതിയിളവടക്കം വിഷയങ്ങൾ പരിഗണിക്കാൻ നിർണായക ജി.എസ്.ടി കൗൺസിൽ യോഗം ഡിസംബർ 23-24 തീയതികളിൽ ചേരും. നവംബറിൽ യോഗം ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന ധനമന്ത്രിമാരുമായി കൂടിയാലോചനകൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിവെച്ചതെന്നാണ് സൂചന.
ബജറ്റിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഡിസംബറിൽ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ചേരുന്ന യോഗത്തിനോടനുബന്ധിച്ചാവും ജി.എസ്.ടി കൗൺസിൽ യോഗവും നടക്കുക. രാജസ്ഥാനിലെ ജോധ്പൂരോ ജയ്സസാൽമീരോ വേദിയാവുമെന്നാണ് ലഭിക്കുന്ന വിവരം.
രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം, തൊഴിലില്ലായ്മ, ഗ്രാമീണമേഖലകളിലെ തൊഴിൽ ശാക്തീകരണം, മൂലധന ഉപയോഗം തുടങ്ങിയ വിഷയങ്ങളാവും ബജറ്റിന് മുന്നോടിയായി സംസ്ഥാനങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവുക. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ഏപ്രിൽമുതൽ സെപ്റ്റംബർവരെ സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിലെ മൂലധനച്ചെലവ് ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ 37 ശതമാനം മാത്രമാണ് (4.14 ലക്ഷം കോടി). അവശേഷിക്കുന്ന മാസങ്ങളിൽ ഇത് 11 ലക്ഷം കോടി രൂപയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലെത്തിക്കുകയാണ് കേന്ദ്രത്തിന് മുന്നിലുള്ള വെല്ലുവിളി.
ജി.എസ്.ടി യോഗത്തിലെ പ്രതീക്ഷകൾ
• മുതിർന്ന പൗരന്മാർക്കുള്ള ടേം ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളിലും ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളിലും പൂർണമായ ഇളവുകൾ.
• ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളിൽ നിലവിൽ ഈടാക്കുന്ന 18 ശതമാനം നികുതി ഇളവ് ചെയ്യാനുള്ള മന്ത്രിതല സമിതിയുടെ നിർദേശം പരിഗണനക്ക്. ടേം ലൈഫ് ഇൻഷുറൻസ് വിഭാഗത്തിൽ വ്യക്തിഗത പോളിസികൾക്കും കുടുംബങ്ങൾക്കെടുക്കുന്ന പോളിസികളിലും പൂർണമായ നികുതിയിളവ് സമിതി നിർദേശിച്ചിട്ടുണ്ട്.
• ടേം ലൈഫ് ഇൻഷുറൻസിൽ നികുതിയിളവ് നൽകിയാൽ ഏകദേശം 200 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്. ഈ നികുതി നഷ്ടം ഇതര വിഭാഗങ്ങളിൽ മാറ്റംവരുത്തി നികത്തുന്നതും പരിഗണിക്കും.
• ആഡംബര വസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും നികുതിനിരക്ക് പുനഃക്രമീകരിച്ചേക്കും. ആഡംബര റിസ്റ്റ് വാച്ചുകൾ, ഷൂകൾ എന്നിവയടക്കം ഉൽപന്നങ്ങളിൽ നികുതി ഉയർത്തുന്നത് പ്രതിവർഷം 22,000 കോടി ഖജനാവിലെത്തിക്കുമെന്നാണ് കണക്കുകൾ.
• സൈക്കിളുകൾ, പുസ്തകങ്ങൾ, പാക്ക് ചെയ്ത കുടിവെള്ളം എന്നിവയുടെ നിരക്ക് കുറക്കുന്നത് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.