വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ; ചെന്നൈയിൽ വെള്ളക്കെട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചെന്നൈ: തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ മഴ ശക്തമായതോടെ തലസ്ഥാനമായ ചെന്നൈ വെള്ളത്തിൽ മുങ്ങി. നിരവധി റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ പലയിടത്തും ഗതാഗതം താറുമാറായി. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തുടരുന്നതിനാൽ മേഖലയിൽ അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പുതുച്ചേരി മുതൽ തെക്കൻ ആന്ധ്രപ്രദേശ് വരെയുള്ള തീരദേശ മേഖലയിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 18 വരെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐ.ടി കമ്പനികൾക്ക് നിർദേശമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയെ വിന്യസിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

കഴിഞ്ഞ രാത്രി ചെന്നൈയിൽ കനത്ത മഴയാണ് പെയ്തത്. ഒരു മണിക്കൂറിനുള്ളിൽ 5 സെന്‍റീമീറ്റർ മഴ പെയ്തതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ചെന്നൈ കോർപ്പറേഷനിൽ മാത്രം 6.4 സെന്‍റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വടപളനി, നുങ്കമ്പാക്കം, മീനമ്പാക്കം, അഡയാർ എന്നിവിടങ്ങളിലും ആറ് സെന്‍റീമീറ്റർ മഴ രേഖപ്പെടുത്തി. വേളാച്ചേരിയിൽ 5.5 സെന്‍റീമീറ്റർ മഴയും രായപ്പേട്ട, ചോഷിങ്ങനല്ലൂർ, പാലവാക്കം, അണ്ണാനഗർ എന്നിവിടങ്ങളിൽ അഞ്ച് സെന്‍റീമീറ്റർ മഴയും രേഖപ്പെടുത്തി. രായപുരം, ബേസിൻ ബ്രിഡ്ജ്, പെരമ്പൂർ, മണലി എന്നിവിടങ്ങളിലും കനത്ത മഴയാണ് പെയ്തത്.

Tags:    
News Summary - Heavy Rain In Chennai, Nearby Areas, Schools And Colleges Shut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.