ബംഗളൂരു: ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറുടെ പ്രസംഗം കർണാടകയിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സർക്കാർ തീരുമാനം വിവാദത്തിൽ. ബി.ജെ.പി ഭരിക്കുന്ന കർണാടകയിലെ സ്കൂൾ സിലബസിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉൾപ്പെടുത്തുന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും വിദ്യാഭ്യാസം കാവിവത്കരിക്കുകയാണെന്നുമാണ് പ്രധാന ആരോപണം. 2022-23 അധ്യയന വര്‍ഷം സംസ്ഥാന സിലബസില്‍ പത്താം ക്ലാസിലെ കന്നട ഭാഷാ പുസ്തകത്തിലാണ് ഹെഡ്ഗേവാറുടെ പ്രസംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടതുചിന്തകരുടെയും പുരോഗമന എഴുത്തുകാരുടെയും പാഠഭാഗങ്ങൾ ഒഴിവാക്കിയും ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയും പുതിയ പുസ്തകത്തിന്റെ പ്രിന്റിങ് ആരംഭിച്ചതായാണ് റിപ്പോർട്ട്. 'നിജവാഡ ആദര്‍ശ പുരുഷ യാരഗബേക്കു' (ആരായിരിക്കണം യഥാര്‍ഥ ആദർശമാതൃക?) എന്ന തലക്കെട്ടിലാണ് ഹെഡ്ഗേവാറിന്റെ പാഠഭാഗമുള്ളത്.
എഴുത്തുകാരന് രോഹിത്ത് ചക്രതീര്‍ഥയുടെ നേതൃത്വത്തിലുള്ള ടെക്സ്റ്റ്ബുക്ക് റിവിഷന്‍ കമ്മിറ്റിയാണ് ഹെഡ്ഗേവാറുടെ പ്രസംഗം ഉൾപ്പെടുത്തണമെന്നും നേരത്തേയുള്ള ചില പാഠഭാഗങ്ങൾ നീക്കംചെയ്യണമെന്നുമുള്ള അന്തിമ റിപ്പോർട്ട് ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാറിന് നൽകിയത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി. ലങ്കേഷിന്റെ മുരുഗ മട്ടു സുന്ദരി, ഇടതുചിന്തകന്‍ ജി. രാമകൃഷ്ണയുടെ ഭഗത് സിങ് എന്നീ പാഠഭാഗങ്ങള്‍ ഒഴിവാക്കിയശേഷം ശിവാനന്ദ കലവെയുടെ സ്വദേശി സുത്രദ സരല ഹബ്ബ, എം. ഗോവിന്ദ പൈയുടെ നാനു പ്രാസ ബിട്ട കഥെ എന്നിവ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹെഡ്ഗേവാറുടെ പ്രസംഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടെയോ സമ്മർദമില്ലായിരുന്നുവെന്നും എഴുത്തുകാരനെന്ന നിലയിലാണ് ഹെഡ്ഗേവാറെ തിരഞ്ഞെടുത്തതെന്നും രോഹിത്ത് ചക്രതീര്‍ഥ പറഞ്ഞു. പാഠപുസ്തകത്തില്‍ പുതിയതായി ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്തതില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും മതേതരമൂല്യങ്ങൾക്കെതിരായ ഉള്ളടക്കമല്ലെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. അതേസമയം, ഹെഡ്ഗേവാറുടെ പ്രസംഗം ഉൾപ്പെടുത്തിയതിനെതിരെ വിദ്യാഭ്യാസ മേഖലയിലുള്ളവർ രംഗത്തെത്തി. സിലബസിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇതിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും ബി.ജെ.പി ഭരണത്തിന് കീഴിൽ ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വിദ്യാഭ്യാസ വിചക്ഷണനായ വി.പി. നിരഞ്ജനാരാദ്യ പറഞ്ഞു. ഹിന്ദുത്വ പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ദേശീയതയോട് ചേർന്നുപോകുന്ന തരത്തിൽ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസ നയം തന്നെ വിദ്യാഭ്യാസം കാവിവത്കരിക്കുകയെന്നതാണെന്നും ആർ.എസ്.എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്നും സാഹിത്യക്കാരനും മുൻ കന്നട വികസന അതോറിറ്റി പ്രസിഡൻറുമായ എസ്.ജി. സിദ്ധരാമയ്യ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.