ഭാരം നിയന്ത്രിക്കണം, എല്ലാവർക്കും ഇതൊരു പാഠം -വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യതയെക്കുറിച്ച് ബി.ജെ.പി എം.പി ഹേമ മാലിനി

ന്യൂഡൽഹി: ശരീര ഭാരം 100 ഗ്രാം അധികാമയതിനെ തുടർന്ന് പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ വിമർശിച്ച് ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. ഭാരം നിയന്ത്രിക്കണമെന്നും എല്ലാവർക്കും ഇതൊരു പാഠമാണ് എന്നുമാണ് ബി.ജെ.പി നേതാവിന്‍റെ പ്രതികരണം.

വനിത ഗുസ്തിയിൽ ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ട്, അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കെയാണ് 100 ഗ്രാം ശരീര ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കപ്പെട്ടത്. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പ്രമുഖർ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. ഒടുവിൽ, ഗുസ്തിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് വിനേഷ് ഫോഗട്ട്. ഇതിനിടെയാണ് ഹേമ മാലിനിയുടെ വിമർശനം വന്നിരിക്കുന്നത്.

ഇത് വളരെ അദ്ഭുതകരമാണ്. 100 ഗ്രാം ഭാരം കൂടിയതിനാൽ അയോഗ്യയാക്കിയത് വിചിത്രമായി തോന്നുന്നു. ഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഇത് നമുക്കെല്ലാവർക്കും ഒരു പാഠമാണ്. കലാകാരന്മാർക്ക് 100 ഗ്രാം ഭാരവും വളരെ പ്രാധാന്യമുള്ളതാണ്. പക്ഷേ അവൾക്ക് ആ 100 ഗ്രാം വേഗത്തിൽ കുറയ്ക്കാൻ സാധിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഇനി ഭാരം കുറച്ചാലും അവസരം ലഭിക്കില്ല -ഹേമ മാലിനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതിനെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. അഭിപ്രായം പറഞ്ഞ ശേഷമുള്ള ഹേമ മാലിനിയുടെ ചിരിയെയും ചിലർ നെറ്റിസൺസ് വിമർശിച്ചു. ബി.ജെ.പി എം.പിയുടെ ചിരി കണ്ടിട്ട് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ സന്തോഷമുള്ളത് പോലെയാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Hema Malini criticize Vinesh Phogat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.