ന്യൂഡൽഹി: അവഗണിച്ചും അടിച്ചമർത്തിയും രാജ്യദ്രോഹമുദ്രചാർത്തി ജയിലിൽ തള്ളിയും ഞെരിച്ചില്ലാതാക്കാൻ അധികാരികൾ ശ്രമം തുടരവെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാന അതിർത്തികളിൽ കർഷകസമൂഹം നയിക്കുന്ന പോരാട്ടം വീര്യമൊട്ടും ചോരാതെ നൂറാം ദിനത്തിലേക്ക്.
ഇതിനിടയിൽ 248 കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു, നിരവധി പേർ ജയിലിലുമുണ്ട്. വിളവെടുപ്പിെൻറയും വിത്തിറക്കലിെൻറയും ഒരു സീസൺ കടന്നുപോയിരിക്കുന്നു. അതിശൈത്യത്തിൽനിന്ന് വേനലിലേക്ക് കടക്കുകയാണ് ഉത്തരേന്ത്യ. ഇതൊന്നും പോരാളികളുടെ വീര്യം കെടുത്തുന്നില്ല. റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങൾ പിന്നോട്ടുപോയെങ്കിലും സമരാവേശത്തിന് ഒട്ടും കുറവു വന്നിട്ടില്ല.
നൂറാം ദിവസമായ ശനിയാഴ്ച അവർ കുണ്ട്ലി മനേസർ പൽവാൽ എക്സ്പ്രസ് വേ അഞ്ചു മണിക്കൂർ പൂർണമായും ഉപരോധിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ദേശീയപാതയിലെ ടോളുകൾ തുറന്നുകൊടുത്തും വീടുകളിലും ഓഫിസുകളിലും കേന്ദ്രസർക്കാറിനെതിരെ കരിങ്കൊടി നാട്ടിയും കറുത്ത ബാഡ്ജു ധരിച്ചും രാജ്യവ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ കർഷക സംഘടനകളുടെ ഏകോപന സമിതിയായ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റി നവംബർ 26, 27 തീയതികളിൽ പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചാണ് പൊലീസ് തടഞ്ഞതോെട അനിശ്ചിതകാല രാപകൽ ഉപരോധസമരത്തിലേക്ക് വഴിമാറിയത്. നിരവധി തവണ ചർച്ച നടത്തിയെങ്കിലും നിയമങ്ങൾ പിൻവലിക്കില്ലെന്ന ശാഠ്യത്തിലാണ് സർക്കാർ.
നിയമങ്ങൾ പിൻവലിച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ചനിലപാടിൽ കർഷകരും. കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിേലക്ക് കർഷകനേതാക്കൾ പ്രചാരണത്തിനായി എത്തും. താങ്ങുവില സംബന്ധിച്ച കേന്ദ്ര വാഗ്ദാനങ്ങളുടെ യഥാർഥ അവസ്ഥ തുറന്നുകാട്ടാൻ കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പ്രചാരണം നടത്തും. മാർച്ച് എട്ടിന് വനിതദിനം മഹിള കർഷകദിനമായി ആചരിക്കും.
കോർപറേറ്റുവത്കരണത്തിനെതിരെയും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരെയും തൊഴിലാളി സംഘടനകൾ മാർച്ച് 15ന് നടത്തുന്ന പ്രതിഷേധത്തെയും റെയിൽവേ സ്വകാര്യവത്കരണത്തിനെതിരായ മാർച്ചുകളെയും പിന്തുണക്കാനും കർഷകർ തീരുമാനിച്ചു.
കൊടും തണുപ്പ് അതിജീവിച്ച കർഷകർ വരാനിരിക്കുന്ന ചുട്ടുപൊള്ളുന്ന വേനലിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനവും സമരകേന്ദ്രങ്ങളിൽ ആരംഭിച്ചു. സമരം വ്യവസ്ഥാപിതമായിട്ടാണ് മുന്നോട്ടുപോകുന്നതെന്നും എത്ര നീണ്ടുപോയാലും വിജയിക്കുംവരെ പോരാടുമെന്നും പഞ്ചാബ് കർഷക നേതാവ് ബൽബീർ സിങ് രാജേവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.