ന്യൂഡൽഹി: ഇ.പി.എഫ്.ഒയിൽ ഉയർന്ന പെൻഷൻ തെരഞ്ഞെടുത്ത ജീവനക്കാരുടെ ഇ.പി.എസ് വിഹിതം ഉയരും. തൊഴിലുടമ എംപ്ലോയ്മെന്റ് പെൻഷൻ സ്കീമിലേക്ക് നൽകുന്ന തുകയാണ് ഉയരുക. തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി ഉത്തരവ് പ്രകാരം പദ്ധതി തെരഞ്ഞെടുത്ത ജീവനക്കാരുടെ എംപ്ലോയീസ് പെൻഷൻ സ്കീമിലേക്ക് തൊഴിലുടമ നൽകുന്ന വിഹിതം 1.16 ശതമാനം ഉയരും.
നിലവിൽ 12 ശതമാനം വിഹിതമാണ് തൊഴിലുടമ തൊഴിലാളികൾക്ക് വേണ്ടി ഇ.പി.എഫ്.ഒയിൽ അടക്കുന്നത്. ഇതിൽ 8.33 ശതമാനം എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കും 3.67 ശതമാനം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്കുമാണ് പോകുന്നത്. ഇതുമാറി എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കുള്ള വിഹിതം 1.16 ശതമാനം ഉയരും.
ഇ.പി.എഫ്.ഒ ഹയർ പെൻഷന് ഓപ്ഷൻ നൽകാനുള്ള സമയപരിധി വീണ്ടും നീട്ടിയിരുന്നു. ജൂൺ 26 വരെയാണ് സമയപരിധി നീട്ടിയത്. മെയ് മൂന്ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇ.പി.എഫ്.ഒയുടെ നടപടി. ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള സമയപരിധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.
ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പാക്കണമെന്ന കേസിൽ 2022 നവംബർ നാലിനാണ് സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുണ്ടായത്. നാലു മാസത്തിനകം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും ഇ.പി.എഫ്.ഒയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.