ബംഗളൂരു: സ്കൂളുകളിലും കോളജുകളിലും മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ചെത്തുന്നത് അച്ചടക്കരാഹിത്യമാണെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. യൂനിഫോം ധരിക്കാൻ കഴിയാത്തവർ അവർക്കിഷ്ടമുള്ള വസ്ത്രരീതി അനുവദിക്കുന്ന മറ്റു കോളജുകളിൽ ചേർന്നുപഠിക്കട്ടെയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരാധനാലയങ്ങളാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉഡുപ്പി ഗവ. പി.യു വനിത കോളജിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ക്ലാസിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ പുറത്തായ ആറു വിദ്യാർഥിനികൾ ഡിസംബർ 31 മുതൽ തുടരുന്ന സമരത്തിനിടെ ആദ്യമായാണ് വിഷയത്തിൽ വകുപ്പുമന്ത്രി പ്രതികരിക്കുന്നത്. വിദ്യാർഥിനികളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി ആരോപിച്ചു.
അതേസമയം, ക്ലാസിൽ ഹിജാബ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കഴിഞ്ഞദിവസം എടുത്ത ഒത്തുതീർപ്പ് ഫോർമുല അംഗീകരിക്കാനാവില്ലെന്നും തലമറക്കുന്നത് തങ്ങളുടെ അവകാശമായതിനാൽ അത് അനുവദിക്കുന്നതുവരെ സമരം തുടരുമെന്നും ഉഡുപ്പി ഗവ. പി.യു വനിത കോളജിലെ ആറു വിദ്യാർഥിനികൾ വ്യക്തമാക്കി. കോളജിന് മുന്നിൽ പ്ലക്കാർഡുമായി വിദ്യാർഥിനികൾ പ്രതിഷേധ സമരം നടത്തി. ക്ലാസിൽ ഹിജാബ് ധരിക്കാമെന്നും അധ്യാപകർ എത്തി ക്ലാസ് ആരംഭിച്ചാൽ ഹിജാബ് മാറ്റണമെന്നുമാണ് സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കുന്താപുര സബ്ഡിവിഷൻ അസി. കമീഷണർ രാജു നൽകിയ പുതിയ നിർദേശം. എന്നാൽ, ക്ലാസിൽ പ്രവേശിപ്പിക്കാതെ തങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വിദ്യാർഥിനികൾ പറഞ്ഞു. അധ്യാപകർ മുഴുവൻ വനിതകളാണെങ്കിൽ പ്രശ്നമില്ലെന്നും പുരുഷ അധ്യാപകർക്ക് മുന്നിലും തലമറക്കാതെ ക്ലാസിലിരിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ നിലപാട് തേടി കത്തുനൽകിയിട്ടുണ്ടെന്നും യൂനിഫോം നിർബന്ധമല്ലെന്ന് മറുപടി ലഭിച്ചാൽ വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ കയറാൻ അനുമതി നൽകുമെന്നും കോളജ് വികസന സമിതി അധ്യക്ഷനും ഉഡുപ്പിയിലെ ബി.ജെ.പി എം.എൽ.എയുമായ രഘുപതി ഭട്ട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.