ബംഗളൂരു: ശിരോവസ്ത്രവുമായി ബന്ധപ്പെട്ട ഹരജിയിൽ കർണാടക ഹൈകോടതി നൽകിയ ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്ത് കർണാടകയിലെ ചില ബിരുദ കോളജുകളിലും ശിരോവസ്ത്രത്തിന് വിലക്ക്. വ്യാഴാഴ്ച ഉഡുപ്പിയിലെ ഗവ. ജി. ശങ്കർ മെമ്മോറിയൽ വനിതാ ഫസ്റ്റ് ഗ്രേഡ് ബിരുദ കോളജിൽ അവസാന വർഷ വിദ്യാർഥിനികളായ 60 പേരെ കാമ്പസിൽ പ്രവേശിപ്പിച്ചില്ല.
കോളജ് അധികൃതരുടെ നടപടിയെ തുടർന്ന് പ്രതിഷേധമുയർത്തിയ വിദ്യാർഥിനികൾ, കോളജുകളിൽ യൂനിഫോം നിർബന്ധമല്ലെന്ന് മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയിൽ പ്രസ്താവന നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ വഴങ്ങിയില്ല.
കോളജ് വികസന സമിതിയുടെ തീരുമാനമാണെന്നായിരുന്നു മറുപടി. ശിരോവസ്ത്രം ധരിക്കാൻ അനുമതിയില്ലെങ്കിൽ ക്ലാസ് ബഹിഷ്കരിക്കുകയാണെന്നും വിദ്യാഭ്യാസം പോലെ ശിരോവസ്ത്രവും തങ്ങൾക്ക് പ്രധാനമാണെന്നും വിദ്യാർഥിനികൾ പ്രതികരിച്ചു. ബിരുദ കോളജുകളിൽ യൂനിഫോം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച് കോളജ് അധികൃതർ എഴുതിനൽകണമെന്നും വിദ്യാർഥിനികൾ ആവശ്യപ്പെട്ടു.
അതിനിടെ ബി.ജെ.പി നേതാവ് രവി പാട്ടീൽ ചെയർമാനായ ബെളഗാവി സദാശിവ നഗർ ക്രോസിലെ വിജയ് പാരാമെഡിക്കൽ കോളജിൽ ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനികളോട് പുറത്തുപോവാൻ ആവശ്യപ്പെട്ടു. തുർന്ന് മറ്റ് വിദ്യാർഥികളും പുറത്തുനിന്നുള്ളവരും ഇവർക്ക് പിന്തുണയുമായെത്തി. പ്രതിഷേധം കനത്തതോടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവമൊഗ്ഗ, മാണ്ഡ്യ, കലബുറഗി, വിജയനഗര, യാദ്ഗിർ, ചിക്കമഗളൂരു, ഗദക്, ഹുബ്ബള്ളി, ചിത്രദുർഗ ജില്ലകളിലെയും ചില കോളജുകളിൽ ശിരോവസ്ത്രത്തിന് വിലക്കേർപ്പെടുത്തി.
ഫെബ്രുവരി 10ന് കർണാടക ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം ശിരോവസ്ത്രവും കാവി ഷാളും മതപരമായ ചിഹ്നങ്ങളും വിലക്കിയത് സംസ്ഥാനത്തെ ബിരുദ കോളജുകൾക്ക് ബാധകമല്ലെന്നും യൂനിഫോം നടപ്പാക്കിയ പ്രീ യൂനിവേഴ്സിറ്റി കോളജുകൾക്കുവേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്.
ശിരോവസ്ത്രത്തിന്‍റെ പേരിൽ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും മുസ്‍ലിം വിദ്യാർഥിനികൾക്ക് പ്രവേശനം നിഷേധിക്കുന്ന സാഹചര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബിരുദ കോളജ് വിദ്യാർഥികൾക്ക് ഇഷ്ടവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.