ദിസ്പൂർ: കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ തള്ളി അസം മുഖ്യമന്ത്രി ഹിമന്ത ശർമ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് രാഹുലിന് ഒരു ചുക്കും അറിയില്ലെന്നായിരുന്നു ഹിമന്തയുടെ പരാമർശം. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതാണ് പുതിയ ബജറ്റെന്നും മധ്യവർഗവിഭാഗത്തിന് ബജറ്റ് നൽകുന്ന നേട്ടങ്ങളെ കുറിച്ച് വിലയിരുത്താതെ കോൺഗ്രസ് അത് സമ്പൂർണമായി തള്ളിക്കളയുകയാണെന്നും അസം മുഖ്യമന്ത്രി വിമർശിച്ചു.
ആദായനികുതി പരിധി 12 ലക്ഷമായി ഉയർത്തിയതാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ പ്രധാന പരിഷ്‍കാരം. ശമ്പളക്കാരായ മധ്യവർഗത്തിന് ഏറെ ആശ്വാസകരമായ നടപടിയാണിത്.
എന്നാൽ ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് കൊണ്ടുള്ള നഷ്ടപരിഹാരമാണ് ബജറ്റ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം.
''ബുള്ളറ്റ് കൊണ്ടുള്ള മുറിവുകൾക്ക് ബാൻഡ് എയ്ഡ് കൊണ്ടുള്ള പരിഹാരം. ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാർ ആശയ പാപ്പരത്തമാണ് നേരിടുന്നത്.'' – എന്നും രാഹുൽ ഗാന്ധി എക്സിൽ കുറിക്കുകയുണ്ടായി.
ഇതിനെ എതിർത്തുകൊണ്ടാണ് ബജറ്റിൽ മധ്യവർഗത്തിന് വാരിക്കോരി നൽകിയിരിക്കുന്നത് നോക്കൂ എന്ന് ഹിമന്ത കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
''കോൺഗ്രസ് 60വർഷം നമ്മുടെ രാജ്യം ഭരിച്ചു. അഞ്ചുലക്ഷം എന്ന പരിധിക്കപ്പുറത്തേക്ക് ആദായ നികുതി സ്ലാബ് ഉയർത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. മധ്യവർഗങ്ങൾക്ക് മാത്രമല്ല, താഴ്ന്ന വിഭാഗങ്ങൾക്കും ഉയർന്ന വിഭാഗങ്ങളും ഗുണകരമാകുന്ന ഒട്ടേറെ കാര്യങ്ങൾ ബജറ്റിലുണ്ട്. കാൻസർ മരുന്നുകൾക്ക് വില കുറച്ചിട്ടുണ്ട്. സാങ്കേതിക മേഖലക്കും ഊന്നൽ നൽകി. ബജറ്റിനെ കുറ്റം പറയുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് രാഹുൽ ഗാന്ധിക്ക് ഒന്നുമറിയില്ല എന്നാണ് അദ്ദേഹത്തിന്റെ പരാമർശം സൂചിപ്പിക്കുന്നത്.''-ഹിമന്ത ശർമ പറഞ്ഞു. അസമിനും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ബജറ്റിൽ ലഭിച്ച പരിഗണനയിലും ഹിമന്ത സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.