ന്യൂഡൽഹി: ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തമുണ്ടെന്ന പുതിയ ഹിൻഡൻബർഗ് റിപ്പോർട്ട് സെബിയെ വിവാദച്ചുഴിയിലാക്കി.
സെബി മേധാവിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമെതിരെ രൂക്ഷവിമർശനമുയർത്തിയ പ്രതിപക്ഷം, അദാനിയുടെ ഓഹരി കുംഭകോണത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം (ജെ.പി.സി) വേണമെന്ന ആവശ്യവുമായി വീണ്ടും രംഗത്തുവന്നു. പുതിയ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് സെബിയുടെയും ഇന്ത്യൻ പ്രധാനമന്ത്രിയുടെയും വിശ്വാസ്യത പിച്ചിച്ചീന്തിയെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ ഏറ്റവുമടുത്ത സുഹൃത്ത് അദാനിക്ക് സുപ്രീംകോടതിയിൽ ക്ലീൻ ചിറ്റ് നൽകിയ സെബി മേധാവിക്ക് ലഭിച്ച പ്രത്യുപകാരത്തിന്റെ വിവരമാണ് പുറത്തുവന്നിരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ഇത്രയും വ്യാപകമായ അഴിമതി കണ്ടെത്താൻ സംയുക്ത പാർലമെന്ററി സമിതി അന്വേഷണംകൊണ്ടു മാത്രമേ സാധ്യമാകൂ. ഇന്ത്യയുടെ ഭരണഘടന സ്ഥാപനങ്ങളെക്കൊണ്ട് വിട്ടുവീഴ്ച ചെയ്യിച്ച് അതുവരെ പ്രധാനമന്ത്രി മോദി തന്റെ കൂട്ടാളിക്ക് പരിച തീർക്കുമെന്നതാണ് ആശങ്കയെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
ഗുരുതര ആരോപണമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നും താൽപര്യങ്ങളുടെ ഏറ്റുമുട്ടൽ അത്രക്കും വലുതാണെന്നും ചൂണ്ടിക്കാട്ടിയ കോൺഗ്രസ്, ഗൗതം അദാനിയാണോ സെബി മേധാവിയെ നിശ്ചയിച്ചതെന്ന് കേന്ദ്ര സർക്കാറിനോട് ചോദിച്ചു. അദാനിക്കെതിരെ അന്വേഷണം നടത്താൻ സെബി കാണിച്ച വിചിത്രമായ വിമുഖത ഓർമിപ്പിച്ച കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയും സെബിയുടെ ഭാഗത്തുനിന്നുള്ള വീഴ്ച ചൂണ്ടിക്കാട്ടിയതാണെന്ന് വ്യക്തമാക്കി. 12ന് തീരേണ്ടിയിരുന്ന പാർലമെന്റ് സമ്മേളനം വെള്ളിയാഴ്ച അവസാനിപ്പിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലായെന്നും ജയ്റാം പറഞ്ഞു.
സെബി മേധാവിതന്നെ അദാനിയുടെ നിക്ഷേപകയായെന്നും ചങ്ങാത്ത മുതലാളിത്തം അതിന്റെ പരമകാഷ്ഠയിലെത്തിയെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പരിഹസിച്ചു. അദാനി ഗ്രൂപ് കമ്പനിയുടെ വിശദാംശങ്ങൾ സെബി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമായെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദിയും പ്രതികരിച്ചു.
സെബി ഡയറക്ടർ സ്ഥാനത്ത് മാധബി ബുച്ച് തുടരുന്നതെങ്ങനെയാണെന്ന് കോൺഗ്രസ് ചോദിച്ചു. അദാനി ഓഹരി കുംഭകോണത്തിൽ സുപ്രീംകോടതി ഇടപെട്ടതിനാൽ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
സെബി നിയമ നടപടിക്കായി കാരണംകാണിക്കൽ നോട്ടീസ് നൽകിയ ഹിൻഡൻബർഗ് തങ്ങളെ ചിത്രവധം ചെയ്യാൻ നടത്തുന്ന ബോധപൂർവമായ നീക്കമാണിതെന്ന് സെബി മേധാവി മാധബി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും പ്രതികരിച്ചു. തങ്ങളുടെ ജീവിതവും ധനകാര്യവും തുറന്ന പുസ്തകമാണെന്നും തങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സെബി മുമ്പാകെ വെളിപ്പെടുത്തിയതാണെന്നും ഇരുവരും അവകാശപ്പെട്ടു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് സത്യവുമായി ഒരു ബന്ധവുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണവും കുത്സിത നീക്കവുമാണെന്നും അവർ കുറ്റപ്പെടുത്തി.
സെബിയും പ്രധാനമന്ത്രിയും ഒരുപോലെ ഉത്തരം നൽകേണ്ട ചോദ്യങ്ങൾ കോൺഗ്രസ് വക്താവ് സുപ്രിയ ഷ്റിനാറ്റെ വാർത്തസമ്മേളനത്തിൽ നിരത്തി. വിനോദ് അംബാനിയുമായി ബന്ധമുള്ള വിദേശ നിഴൽ കമ്പനി ഫണ്ടിൽ മാധവി ബുച്ച് 2015ൽ നിക്ഷേപമിറക്കിയിരുന്നോ? ആ ഓഹരികൾ അവർ ഭർത്താവിന് കൈമാറിയതെപ്പോഴാണ്? സെബിയുടെ മുഴുസമയ ഡയറക്ടറായി ചുമതലയേറ്റപ്പോൾ ഇത്തരമൊരു ഫണ്ടിനെക്കുറിച്ച് മാധബി വെളിപ്പെടുത്തിയിരുന്നോ? അഗോറ കൺസൽട്ടിങ്ങിനെക്കുറിച്ച് അവർ വെളിപ്പെടുത്തിയിരുന്നോ?
ആരാണ് അഗോറക്ക് ഫണ്ട് നൽകുന്നത്? തന്റെ ഭർത്താവ് ‘ബ്ലാക്ക് സ്റ്റോൺ’ സീനിയർ അഡ്വൈസർ ആണെന്ന് അവർ വെളിപ്പെടുത്തിയിരുന്നോ? അദാനിയുമായോ ബ്ലാക്ക് സ്റ്റോൺ കമ്പനിയുമായോ അവർക്ക് ബന്ധമുണ്ടായിരുന്നോ? സെബി അന്വേഷിക്കുന്ന ഫണ്ടിൽ തനിക്കും ഭർത്താവിനും ഓഹരിയുണ്ടായിരുന്നുവെന്ന് സുപ്രീംകോടതിയെ സെബി മേധാവി അറിയിച്ചിട്ടുണ്ടോ? സെബി മേധാവിയുടെ ഈ ഇടപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണോ? പുറത്തുവന്ന സാഹചര്യത്തിൽ സെബി മേധാവിയെ പ്രധാനമന്ത്രി എന്തു ചെയ്യും? മാധവി ബുച്ചിന്റെ നിയമനത്തിൽ ഗൗതം അദാനി നിർണായക പങ്ക് വഹിച്ചോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.