ന്യൂഡൽഹി: പുതിയ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെബി മേധാവി രാജിവെച്ച് അദാനി കുംഭകോണത്തിൽ ജെ.പി.സി അന്വേഷണം നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ആവർത്തിച്ചപ്പോൾ അത് നടപ്പില്ലെന്ന് ബി.ജെ.പി. ഹിൻഡൻബർഗ് റിപ്പോർട്ടിന്മേൽ രാഹുൽ പുറത്തുവിട്ട വിഡിയോയെ രൂക്ഷമായി വിമർശിച്ച ബി.ജെ.പി, തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും മോദിയോട് തോറ്റതിന്റെ വിദ്വേഷം ജോർജ് സോറോസിന്റെ ഹിൻഡൻബർഗിനെ ഉപയോഗിച്ച് തീർക്കുകയാണെന്ന് പ്രത്യാരോപണം ഉന്നയിക്കുകയും ചെയ്തു.
ഇന്ത്യൻ ഓഹരി വിപണിയുടെ വിശ്വാസ്യത തകർത്ത് സാമ്പത്തിക അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് മുൻ കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ശനിയാഴ്ച ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതും ഞായറാഴ്ച വിവാദമാക്കിയതും തിങ്കളാഴ്ച ഓഹരി വിപണി അസ്ഥിരമായതും ചേർത്തുവായിക്കണം. റിപ്പോർട്ട് പുറത്തുവിട്ട സമയം സംശയാസ്പദമാണെന്നും സെബി നടത്തുന്ന അന്വേഷണത്തിൽ ജൂലൈയിൽ കൈപ്പറ്റിയ കാരണം കാണിക്കൽ നോട്ടീസിന് ഇതുവരെയും മറുപടി നൽകാത്ത ഹിൻഡൻബർഗ്, പുതിയ റിപ്പോർട്ടുമായി വന്ന് സെബിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രസാദ് ആരോപിച്ചു.
ഞായറാഴ്ച രാത്രി പുറത്തുവിട്ട വിഡിയോയിൽ ഇന്ത്യൻ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത രാഹുൽ ഗാന്ധി സ്ഫോടനാത്മകമായ വെളിപ്പെടുത്തലിന് ശേഷവും സെബി ചെയർപേഴ്സൺ രാജിവെക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു. ജെ.പി.സി അന്വേഷണ ആവശ്യം പ്രധാനമന്ത്രി അംഗീകരിക്കാത്തത് ഭയം കൊണ്ടാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇൻഡ്യ സഖ്യത്തിലെ മറ്റൊരു പ്രധാന കക്ഷിയായ സമാജ്വാദി പാർട്ടിയുടെ (എസ്.പി) നേതാവ് അഖിലേഷ് യാദവും ജെ.പി.സി അന്വേഷണ ആവശ്യം ആവർത്തിച്ചു. തൃണമൂൽ കോൺഗ്രസും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ഇതേ നിലപാടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.