ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തമുണ്ടെന്ന ആരോപണത്തിൽ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവി മാധബി ബുച്ച് നൽകിയ മറുപടിയിൽത്തന്നെ അവരെ കുരുക്കി ഹിൻഡൻബർഗിന്റെ പ്രത്യാക്രമണം. ഇതോടെ സെബിയും അദാനിയും കേന്ദ്ര സർക്കാറും ബി.ജെ.പിയും തീർത്ത പ്രതിരോധം ദുർബലമായി. റിയൽ എസ്റ്റേറ്റ് കൺസൾട്ടിങ് സ്ഥാപനങ്ങളുമായി മുന്നോട്ടുപോകുന്ന സെബി ചേയർപേഴ്സന് സുപ്രീംകോടതി അന്വേഷണം നിർദേശിച്ച അദാനിയുടെ ഓഹരികളിലും നിക്ഷേപമുണ്ടെന്ന് തെളിഞ്ഞതോടെ പ്രതിരോധിച്ചവർക്ക് ഉത്തരം മുട്ടി.
സെബി മേധാവി പറഞ്ഞതിലപ്പുറം സർക്കാറിന് ഒന്നും പറയാനില്ലെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേഥിയും ബി.ജെ.പിക്കു വേണ്ടി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദും തിങ്കളാഴ്ച പ്രതികരിച്ചു.
സെബി മേധാവിയുടെ രാജി, അദാനി ഓഹരി കുംഭകോണത്തിൽ ജെ.പി.സി (സംയുക്ത പാർലമെന്ററി സമിതി) അന്വേഷണം എന്നീ പ്രതിപക്ഷ ആവശ്യങ്ങൾ ബി.ജെ.പി തള്ളി. മാധബിയുടെയും ഭർത്താവിന്റെയും മറുപടി ആയുധമാക്കി ഹിൻഡൻബർഗ് തൊടുത്തുവിട്ട ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ കേന്ദ്ര സർക്കാറും ബി.ജെ.പിയും ഒരുപോലെ കുഴങ്ങി. മാധബി ബുച്ചിന്റെ ഭർത്താവ് ധാവൽ ബുച്ചിന് ‘ബ്ലാക്ക് സ്റ്റോൺ’ കമ്പനിയിലുള്ള വലിയ നിക്ഷേപം ചൂണ്ടിക്കാട്ടി റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്ന സെബി ചെയർപേഴ്സന്റെ നടപടിയും ഹിൻഡൻബർഗ് ചോദ്യം ചെയ്തു.
ഹിൻഡൻബർഗിന്റെ ചോദ്യങ്ങൾ
- പൂർണമായും സുതാര്യത വാഗ്ദാനം ചെയ്യുന്ന സെബി ചെയർപേഴ്സൻ സിംഗപ്പൂരിലെയും ഇന്ത്യയിലെയും കൺസൾട്ടിങ് സ്ഥാപനങ്ങൾ വഴിയോ അല്ലാതെയോ തന്നെ കൾസൾട്ട് ചെയ്യുന്ന മുഴുവൻ കക്ഷികൾ ആരൊക്കെയാണെന്നും അവരുടെ വിശദാംശങ്ങൾ എന്തൊക്കെയാണെന്നുമുള്ള പൂർണ പട്ടിക പുറത്തുവിടുമോ?
- ഈ വിഷയങ്ങളിൽ സമഗ്രവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണത്തിന് സെബി ചെയർപേഴ്സൻ ഉത്തരവിടുമോ?
മറുപടിക്കുശേഷം ഹിൻഡൻബർഗ് പുറത്തുവിട്ടത്
- സെബിയുടെ മുഴുസമയ അംഗമായി മാറിയ ശേഷവും സിംഗപ്പൂരിലെ ‘അഗോഡ പാർട്ണേഴ്സി’ൽ 100 ശതമാനം ഓഹരി പങ്കാളിത്തം 2022 മാർച്ച് 16 വരെ മാധബി ബുച്ചിനുണ്ടായിരുന്നു.
- സെബിയുടെ മുഴുസമയ അംഗമായിരിക്കുമ്പോൾ ഭർത്താവിന്റെ പേരുപയോഗിച്ച് കച്ചവടം നടത്താൻ സ്വന്തം ഇ-മെയിൽ ഐ.ഡിയാണ് മാധബി ഉപയോഗിച്ചത്.
- സെബി ചെയർപേഴ്സനായി രണ്ടാഴ്ച കഴിഞ്ഞാണ് മാധബി ബുച്ച് ‘അഗോഡ പാർട്ണേഴ്സി’ലെ ഓഹരികളെല്ലാം ഭർത്താവ് ധവാൽ ബുച്ചിന്റെ പേരിലേക്ക് മാറ്റിയത്.
- മാധബി ബുച്ച് സെബി മേധാവിയായ ശേഷം 2024 മാർച്ച് 31ന് പുറത്തുവിട്ട ഓഹരി പങ്കാളിത്ത പട്ടിക പ്രകാരം അഗോഡ അഡ്വൈസറി ലിമിറ്റഡ് -ഇൻഡ്യയുടെ 99 ശതമാനം ഓഹരികളും അവരുടെ പേരിലാണ്. ഭർത്താവിന്റെ പേരിലല്ല.
- മാധബി ബുച്ച് ഇപ്പോഴും 99 ശതമാനം ഓഹരിയും കൈവശം വെക്കുന്ന ഇന്ത്യൻ സ്ഥാപനം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷം 23,985 ദശലക്ഷം ഇന്ത്യൻ രൂപ വരുമാനമുണ്ടാക്കിയത് അവർ സെബി ചെയർപേഴ്സനായിരിക്കേയാണ്.
- മാധബി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും ചേർന്ന് അദാനിയുടെ വെൽത്ത് മാനേജ്മെന്റ് സ്ഥാപനമായ ‘360 എൻ.ഇ’യിൽ നടത്തിയ നിക്ഷേപം ശരിവെച്ച അദാനി, ആകെ വരവിന്റെ ഒന്നര ശതമാനം മാത്രമാണിതെന്നാണ് ന്യായീകരിച്ചത്.
- സെബി മേധാവി വ്യക്തിപരമായി നടത്തിയ നിക്ഷേപം ഉൾപ്പെടെ അദാനിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള അന്വേഷണത്തിനാണ് സുപ്രീംകോടതി സെബിയെ ചുമതലപ്പെടുത്തിയത്. ഇതിൽ താൽപര്യങ്ങളുടെ ഏറ്റുമുട്ടൽ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.