ചെന്നൈ: ശക്തമായ വാക്കുകൾ പ്രിൻറ് ചെയ്ത ഷീ ഷർട്ടുകൾ, രണ്ട് താരങ്ങൾ, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ നടക്കുന്ന പ്രതിഷേധം വേറെ ലെവലിൽ എത്തുകയാണ്. 'അയാം എ തമിഴ് പേശും ഇന്ത്യൻ', 'ഹിന്ദി തെരിയാത്, പോട' എന്നീ വാചകങ്ങൾ പ്രിൻറ് ചെയ്ത ടീ ഷർട്ടുകളുമിട്ട് നിൽക്കുന്ന ഇളയരാജയുടെ മകനും ജനപ്രിയ സംഗീതസംവിധായകനുമായ യുവാൻ ശങ്കർ രാജയുടെയും യുവ നടനായ മെട്രോ ശിരീഷിൻെറയും ചിത്രമാണ് ട്വിറ്ററിൽ വൈറലായികൊണ്ടിരിക്കുന്നത്.
യുവാൻ ധരിച്ച വെള്ള ടീഷർട്ടിൽ കവിയും ചിന്തകനുമായ തിരുവള്ളുവരുടെ ചിത്രത്തോടൊപ്പം 'അയാം എ തമിഴ് പേശും ഇന്ത്യൻ' എന്നാണ് പ്രിൻറ് ചെയ്തിട്ടുള്ളത്. തമിഴ് പേശും(തമിഴ് സംസാരികുന്ന) എന്നത് തമിഴ് ഭാഷയിൽ തന്നെയാണ് എഴുതിയിട്ടുള്ളത്. ശിരീഷിേൻറതിൽ 'ഹിന്ദി തെരിയാത് പോട' എന്ന് ഇംഗ്ലീഷിലും പ്രിൻറ് ചെയ്തിരിക്കുന്നു.
''ആഴത്തിലുള്ള ചർച്ച, നല്ല കാര്യങ്ങൾ നമ്മുടെ വഴിക്ക് വരുന്നു ...! " എന്ന അടിക്കുറിപ്പോടെയാണ് ശിരീഷ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ശനിയാഴ്ച വൈകീട്ട് പോസ്റ്റ് ചെയ്ത ചിത്രം ട്വിറ്ററിൽ വൈറലായി. വിവിധ ഭാഗങ്ങളിൽ നിന്നും ഇരുതാരങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ട്വീറ്റുകളെത്തി.
മണിക്കൂറുകൾക്കകം 'ഹിന്ദി തെരിയാത്, പോടെ' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. 1.75 ലക്ഷം പേരാണ് 'ഹിന്ദി തെരിയാത്, പോട' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചത്. തമിഴ് സ്പീക്കിങ് ഇന്ത്യൻ എന്ന ഹാഷ്ടാഗും ട്രെൻഡ് ആയി. ഞായറാഴ്ചയോടെ നിരവധി ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും ടീ ഷർട്ടുകൾ എത്തി. അയാം ഇന്ത്യൻ ഡോണ്ട് സ്പീക്ക് ഹിന്ദി എന്നെഴുതിയ ടീഷർട്ടും എത്തിയിട്ടുണ്ട്.
ട്വിറ്ററിൽ ഹിന്ദി വിരുദ്ധ ഹാഷ്ടാഗുകൾക്കെതിരെ ബി.ജെ.പി അനുയായികൾ രംഗത്തെത്തി. ഡി.എം.കെ യാണ് ഹിന്ദി വിരുദ്ധ നീക്കത്തിന് പിന്നിലെന്നും ആരോപണമുയർന്നിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ഡി.എം.കെ നേതാവ് കനിമൊഴി, കോൺഗ്രസ് നേതാവ് പി.ചിദംബരം തുടങ്ങി നിരവധി പേർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.