ന്യൂഡൽഹി: ഇന്ത്യൻ ഭാഷകളുടെ വൈവിധ്യത്തിനിടെ ഐക്യത്തിന്‍റെ വികാരം നൽകുന്നതാണ് ഹിന്ദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'ഹിന്ദി ദിവസ്' ആചരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു അമിത് ഷാ. ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് വ്യാപക വിമർശനമുയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അമിത് ഷായുടെ പ്രസ്താവന.
കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് നിന്ന് തെക്കോട്ടും സ്വാതന്ത്ര്യസമരത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഹിന്ദി നിർണായക പങ്ക് വഹിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. പല ഭാഷകളായും ഭാഷാഭേദങ്ങളായും വ്യത്യാസപ്പെട്ടുകിടക്കുന്ന രാജ്യത്ത് ഐക്യത്തിന്‍റെ തോന്നലുണ്ടാക്കിയത് ഹിന്ദിയാണ്. സ്വാതന്ത്ര്യ സമരത്തിലും അതിനുശേഷവും ഹിന്ദിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഭരണഘടനാ നിർമാതാക്കൾ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി 1949 സെപ്റ്റംബർ 14ന് തെരഞ്ഞെടുത്തത് -ഷാ പറഞ്ഞു.
ഹിന്ദി മറ്റൊരു ഭാഷയുമായും മത്സരിക്കുന്നില്ല. എല്ലാ പ്രാദേശിക ഭാഷകളെയും ശക്തിപ്പെടുത്താനുള്ള മാധ്യമമായി ഹിന്ദി മാറുമെന്നും അമിത് ഷാ പറഞ്ഞു.
1949 സെപ്റ്റംബർ 14-നാണ് ഭരണഘടനാ സമിതി ദേവനാഗരി ലിപിയിൽ എഴുതിയ ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്. ഈ ദിവസത്തിന്‍റെ ഓർമക്കായി സെപ്റ്റംബർ 14ന് ഹിന്ദി ദിവസായി പ്രഖ്യാപിക്കുകയായിരുന്നു. ഹിന്ദിക്ക് പുറമേ ഇംഗ്ലീഷും ഔദ്യോഗിക ഭാഷയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.