അലീഗഢ്: വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരം നിരോധിക്കണമെന്നാവശ്യപ്പെട്ട അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെക്കെതിരെ വിവിധ വകുപ്പുകൾപ്രകാരം കേസെടുത്തു. പ്രസ്താവന സമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ കാരണമാകുമെന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ഗാന്ധി പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച നമസ്കാരം രാജ്യത്തെ സമാധാനം തകരാൻ കാരണമാകുന്നുവെന്ന് ഇവർ മാധ്യമപ്രവർത്തകോട് പറഞ്ഞു. നമസ്കാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പാണ്ഡെ കഴിഞ്ഞദിവസം കത്തയച്ചിരുന്നു.
പ്രവാചകനിന്ദയെ തുടർന്ന് ബി.ജെ.പിക്കെതിരെ ലോകവ്യാപക പ്രതിഷേധം ഉയർന്ന സമയത്താണ് ഹിന്ദു മഹാസഭ സെക്രട്ടറി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
മുമ്പ് ഗാന്ധിസമാധിദിനത്തിൽ, ഗാന്ധിജിയുടെ കോലമുണ്ടാക്കി അതിൽ വെടിയുതിർത്ത് വിവാദമുണ്ടാക്കിയ ആളാണ് പൂജ ശകുൻ പാണ്ഡെ. ദസറ ദിനത്തിൽ രാവണന്റെ കോലം കത്തിക്കുന്നതുപോലെ എല്ലാ ജനുവരി 30നും ഗോദ്സെ ഗാന്ധിജിയെ വെടിവെച്ചുകൊന്നത് സ്മരിക്കാൻ ഗാന്ധികോലത്തിൽ വെടിവെക്കുന്നത് ആചാരമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.