ഹിന്ദു വിവാഹം വെറുമൊരു കരാറല്ല; വിവാഹ മോചനത്തിന് സാധുവായ സമ്മതം വേണം -അലഹാബാദ് ഹൈകോടതി

ലഖ്നോ: ഹിന്ദു ആചാരപ്രകാരം നടക്കുന്ന വിവാഹബന്ധങ്ങളെ വെറുമൊരു കരാറായി കണക്കാക്കി ഒരിക്കലും വേർപിരിക്കാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. ഹിന്ദു വിവാഹങ്ങൾ പവിത്രമായ ബന്ധമാണ്. അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ വിവാഹ ബന്ധം വേർപെടുത്താൻ സാധിക്കുകയുള്ളൂ. അതും ഇരുകൂട്ടരും മുന്നോട്ടു പോകാൻ സാധിക്കില്ല എന്നതിന്റെ വ്യക്തമായ തെളിവു സഹിതം വന്നാൽ മാത്രം.-കോടതി ചൂണ്ടിക്കാട്ടി. 

വിവാഹമോചനം ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സൗമിത്ര ദയാൽ സിങ്, ദോനതി രമേഷ് എന്നിവരുടെ നിരീക്ഷണം. അന്തിമ ഉത്തരവ് വരുന്നത് വരെ പരസ്പര സമ്മതമുണ്ടെങ്കിൽ മാത്രമേ വിവാഹമോചനം അനുവദിക്കാൻ കോടതിക്ക് സാധിക്കുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഏതെങ്കിലും ഒരു കക്ഷി പിൻമാറുകയാണെങ്കിൽ ആദ്യം സമ്മതിച്ചുവെന്നത് കണക്കിലെടുത്ത് വിവാഹമോചനം അനുവദിക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നത് നീതിയെ പരിഹസിക്കലാണ്.

ഭർത്താവ് നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ വിവാഹ മോചനം അനുവദിച്ച ബുലന്ദ്ഷഹർ അഡീഷനൽ ജില്ലാ ജഡ്ജിയുടെ 2011ലെ വിധി ചോദ്യം ചെയ്താണ് യുവതി ഹരജി നൽകിയത്. 2006ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ 2007ൽ യുവതി ഭർത്താവിനെ ഉപേക്ഷിച്ചു. 2008ൽ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകി. വേർ പിരിഞ്ഞു ജീവിക്കാൻ ആദ്യം ഭാര്യ സമ്മതിച്ചു. നടപടിക്രമങ്ങൾക്കിടയിൽ യുവതി നിലപാട് മാറ്റി.

വിവാഹ മോചനം വേ​ണ്ടെന്ന് തീർത്തുപറഞ്ഞു. ഒടുവിൽ ദമ്പതികൾ വീണ്ടും അനുരഞ്ജനത്തിലെത്തി. ഒരുമിച്ച് ജീവിക്കാനും തുടങ്ങി. രണ്ട് കുട്ടികൾ ജനിച്ചു. എന്നാൽ മുമ്പത്തെ മൊഴി കണക്കിലെടുത്ത് വിവാഹമോചനം അനുവദിച്ചു. ഈ ഹരജിക്കെതിരെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ രണ്ടുകക്ഷികൾക്കും സമ്മതം വേണമെന്ന് പറഞ്ഞുകൊണ്ട് ജില്ലാ കോടതി വിധി ഹൈകോടതി റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - Hindu marriage not a contract, divorce needs valid consent rules Allahabad high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.