ലഖ്നോ: ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ല കോടതി ഉത്തരവിനെതിരെയുള്ള ഹരജി അലഹബാദ് ഹൈകോടതി തള്ളി. മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് കോടതി വ്യക്തമാക്കി. പള്ളി നിയന്ത്രിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹരജി നൽകിയത്. ഫെബ്രുവരി 15ന് വാദം പൂർത്തിയാക്കിയ ഹരജിയിൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വിധിക്കെതിരെയുള്ള തങ്ങളുടെ എതിർപ്പുകൾ മസ്ജിദ് കമ്മിറ്റി ഹരജിയിൽ വ്യക്തമാക്കിയിരുന്നു. പള്ളിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന എന്നറിയപ്പെടുന്ന നിലവറ 1993 മുതൽ തങ്ങളുടെ അധീനതയിലാണെന്നും വ്യാസ് കുടുംബത്തിനോ മറ്റാർക്കെങ്കിലുമോ അവകാശവാദം ഉന്നയിക്കാനും ആരാധന നടത്താനും കഴിയില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.
30 വർഷമായി അവിടെ പൂജ നടന്നിരുന്നില്ല. ഇപ്പോൾ കോടതി റിസീവറെ നിയമിച്ചതിനും തൽസ്ഥിതിയിൽ മാറ്റം വരുത്തിയതിനും മതിയായ കാരണമില്ലെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, 1993ന് ശേഷവും സംസ്ഥാന സർക്കാർ നിർദേശപ്രകാരം സി.ആർ.പി.എഫ് ഏറ്റെടുക്കുംവരെ നിലവറയിൽ പൂജ നടന്നിരുന്നുവെന്നാണ് ഹിന്ദുപക്ഷം വാദിച്ചത്. ഇരുപക്ഷത്തിന്‍റെയും വിശദവാദം കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്.
ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള 'വ്യാസ് കാ തഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വരാണസി ജില്ല കോടതി ഉത്തരവിട്ടത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.