തീവ്ര വിദ്വേഷ പ്രസംഗവുമായി സന്യാസി യതി നരസിംഹാനന്ദ് വീണ്ടും. ഹിമാചൽ പ്രദേശിലെ ഉനയിൽ നടന്ന സമ്മേളനത്തിലാണ് വിദ്വേഷ പ്രസംഗം നടത്തിയത്. ഹിന്ദുക്കളോട് ആയുധമെടുക്കാനാണ് പരിപാടിയിൽ പ്രഭാഷകര്‍ ആഹ്വാനം ചെയ്തത്. ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിലിറങ്ങിയ യതി നരസിംഹാനന്ദ് ജാമ്യ വ്യവസ്ഥകൾ പൂർണമായും ലംഘിച്ചാണ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.
"നേരത്തെ അമർനാഥ് യാത്രയിലും വൈഷ്ണോദേവി യാത്രയിലും മാത്രമാണ് കല്ലേറുണ്ടായിരുന്നത്. ഇപ്പോൾ രാമനവമി, ഹനുമാൻ ജയന്തി എന്നിങ്ങനെ ഏത് ഹിന്ദു ആഘോഷത്തിലേക്കും കല്ലെറിയുന്നു. ഹിന്ദുക്കൾക്ക് ഇതിലും മോശമായി മറ്റെന്താണുള്ളത്? രാജ്യത്തിന്‍റെ രാഷ്ട്രീയ സംവിധാനം മുസ്‍ലിംകളോട് ചായ്‍വുള്ളതാണ്. അതിനാലാണ് ഹിന്ദുക്കളോട് മോശമായി പെരുമാറുന്നത്. ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ ജനിപ്പിച്ച് അവരെ ശക്തരാക്കണം. അങ്ങനെ അവർക്ക് അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ കഴിയും"- നരസിംഹാനന്ദ് പറഞ്ഞു.
നരസിംഹാനന്ദ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ സ്വകാര്യ പരിപാടിയായതിനാല്‍ അനുമതി വേണ്ടതില്ല എന്നായിരുന്നു പരിപാടിയുടെ സംഘാടകരിലൊരാളായ സത്യദേവ സരസ്വതിയുടെ പ്രതികരണമെന്ന് എൻ.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു- ''ഞങ്ങൾക്ക് നിയമത്തിൽ വിശ്വാസമില്ല. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. ഇവിടെ ഞങ്ങൾ സത്യം പറയുന്നു വിദ്വേഷ പ്രസംഗം നടത്തുന്നില്ല''. ഹരിദ്വാറിലെ കേസുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത എഫ്.ഐ.ആറിൽ പേരുള്ള സാധ്വി അന്നപൂർണയും പരിപാടിയില്‍ പങ്കെടുത്തു.
ജനുവരിയിൽ ഹരിദ്വാറിൽ മുസ്‌ലിംകളെ വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചതിന് അറസ്റ്റിലായ യതി നരസിംഹാനന്ദ് ഫെബ്രുവരി 18നാണ് ജാമ്യത്തിൽ ഇറങ്ങിയത്. പരിപാടികളിൽ പങ്കെടുക്കരുത് എന്നതാണ് അദ്ദേഹത്തിന്റെ ജാമ്യ വ്യവസ്ഥകളിൽ ഒന്ന്. ജാമ്യത്തിലിറങ്ങിയ ശേഷം ഡൽഹിയിലെ ബുരാരിയിലും യതി നരസിംഹാനന്ദ് വിദ്വേഷ പ്രസംഗം നടത്തി. മുസ്‌ലിംകൾക്കെതിരെ ആയുധമെടുക്കണമെന്ന് അവിടെയും ആഹ്വാനം ചെയ്തു. എണ്ണൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് നരസിംഹാനന്ദിനെതിരെ കേസെടുത്തിരുന്നു.
ഹിന്ദുക്കൾ ഭൂരിപക്ഷമുള്ളതിനാലാണ് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരുന്നതെന്ന് അഖില ഭാരതീയ സന്ത് പരിഷത്തിന്റെ ഹിമാചൽ പ്രദേശ് ചുമതലയുള്ള യതി സത്യദേവാനന്ദ് സരസ്വതി പി.ടി.ഐയോട് പറഞ്ഞു.
എന്നാൽ മുസ്‌ലിംകൾ ആസൂത്രിതമായി നിരവധി കുട്ടികൾക്ക് ജന്മം നൽകി ജനസംഖ്യ വർദ്ധിപ്പിക്കുകയാണ്. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ മുബാരക്പൂരിൽ സംഘടനയുടെ ത്രിദിന 'ധരം സൻസദ്' ന്റെ ആദ്യ ദിനത്തിൽ അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.