ന്യൂഡൽഹി: മധ്യപ്രദേശിലും ഉത്തർപ്രദേശിലും സൈനിക മാതൃകയിലുള്ള ആയുധ പരിശീലന കാമ്പുകൾ സംഘടിപ്പിച്ച് തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വ ഹിന്ദു പരിഷതും ബജ്റംഗ് ദളും. മധ്യപ്രദേശിലെ സെഹോറിൽ ഒരാഴ്ച നീണ്ട നിൽക്കുന്ന കാമ്പ് ആയിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ആയുധ പരിശീലന കാമ്പിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്. ബജ്റംഗ് ദൾ പ്രവർത്തകരും സമാന രീതിയിൽ തോക്കും വടികളും കയ്യിലേന്തി റാലികളും നടത്തിയതായാണ് റിപ്പോർട്ട്. കാവിക്കൊടികളും ചൂരലുമായി മണ്ഡ്ലയിലും ബജ്റംഗ് ദൾ പ്രവർത്തകർ റാലി നടത്തിയിരുന്നു.
ഗുജറാത്തിലെ സ്ബർകന്തയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള ഹിന്ദു പുരുഷ വിഭാഗത്തിന് അന്ത്രരാഷ്ട്രീയ ഹിന്ദു പരിഷത്ത് ആയുധ പരിശീലനം നൽകിയതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികൾ റൈഫിളുകളുമായി കാവി റിബൺ ധരിച്ച് നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
മെയ് 30നായിരുന്നു ഉത്തർപ്രദേശിലെ ലഖിംപൂരിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ബജ്റംഗ് ദളിന്റെ റാലി. മെയ് 18 നും ഛത്തീസ്ഗഡിലെ റായ്പൂർ നഗരത്തിലെ തെരുവുകളിൽ ചൂരലും വാളുകളും വീശി ബജ്റംഗ്ദൾ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു.
ഛത്തീസ്ഗഡിലെ റായ്പൂരിൽ പൊലീസ് സംരക്ഷണത്തോടെ ചൂരലേന്തി കാവി കൊടി പിടിച്ച തീവ്ര ഹിന്ദുത്വ അംഗങ്ങളുടെ റാലി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമാന രീതിയിൽ യു.പി, ഉജ്ജെയിൻ എന്നിവിടങ്ങളിലും വി.എച്ച്.പിയുടെ വനിതാ അംഗങ്ങൾ തോക്ക്, വടി, ചൂരൽ, വാൾ എന്നിവയുമായി നടത്തിയ റാലിയും ദൃശ്യങ്ങളിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.