ന്യൂഡൽഹി: ക്രിമിനൽ നിയമങ്ങൾ അപ്പാടെ പൊളിച്ചെഴുതി കൊണ്ടുവന്ന പുതിയ നിയമങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. വിവാദമായ ഹിറ്റ് ആൻഡ് റൺ കേസിലെ ശിക്ഷവ്യവസ്ഥകൾ മരവിപ്പിച്ചു. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി.) പകരം ഭാരതീയ ന്യായസംഹിത, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് പകരം (സി.ആര്.പി.സി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയത്.
പുതിയ നിയമത്തിലുള്ള ഹിറ്റ് ആൻഡ് റൺ ശിക്ഷക്കെതിരെ രാജ്യവ്യാപകമായി ട്രക്, ലോറി ഡ്രൈവർമാർ തെരുവിലിറങ്ങിയതോടെ നിയമം നടപ്പാക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. അപകടം നടന്ന ശേഷം ബന്ധപ്പെട്ടവരെ അറിയിക്കാതെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടാൽ ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 106 (2) പ്രകാരം 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. അശ്രദ്ധകൊണ്ട് മരണം സംഭവിച്ചാല്‍ വാഹനം ഓടിച്ച വ്യക്തിക്ക് അഞ്ചു വര്‍ഷം വരെ തടവും പിഴയും വിധിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഏത് അപകടത്തിലും വലിയ വാഹനങ്ങളെ കുറ്റപ്പെടുത്തുന്നതാണ് പൊതുമനഃസ്ഥിതിയെന്നും പ്രകോപിതരായ ജനക്കൂട്ടം കൊല്ലുമെന്ന് ഭയന്നാണ് സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകാൻ നിർബന്ധിതരാകുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർമാർ പണിമുടക്കി തെരുവിലിറങ്ങിയത്. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ സമരക്കാരുമായി അടിയന്തര ചർച്ച നടത്തി നിയമം നടപ്പിലാക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നൽകുകയായിരുന്നു.
പുതിയ നിയമത്തിൽ നിരാഹാര സത്യഗ്രഹ സമരം അടക്കം ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെടും. ഇലക്ട്രോണിക് ഉപകരണങ്ങൾ, ഡിജിറ്റല്‍ റെക്കോഡുകള്‍, ഇ-മെയില്‍, എസ്.എം.എസ്, വെബ്സൈറ്റ് തുടങ്ങിയവയിലെ വിവരങ്ങള്‍ തെളിവുകളായി സ്വീകരിക്കാം. കേസ് ഡയറി, എഫ്.ഐ.ആര്, വിധി എന്നിവ ഡിജിറ്റലായി സൂക്ഷിക്കും. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെങ്കിലും രാഷ്ട്രത്തിനെതിരേ പ്രവർത്തിക്കുന്നതിന് കടുത്ത ശിക്ഷ നല്കുന്ന വകുപ്പുകള്‍ പുതിയ നിയമത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.