ദല്ലേവാളിന്‍റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആശുപത്രി അധികൃതർ

ചണ്ഡീഗഡ്: മിനിമം താങ്ങുവിലയും കടം എഴുതിത്തള്ളലും ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങൾക്കായി കഴിഞ്ഞ 43 ദിവസമായി മരണം വരെ നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ സുപ്രീം കോടതി നിയോഗിച്ച സമിതി സന്ദർശിച്ചു. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്‍റെ നില വീണ്ടും വഷളായി.

സുപ്രീം കോടതി നിയോഗിച്ച വിരമിച്ച ജസ്റ്റിസ് നവാബ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഉന്നത അധികാര സമിതിയും ഖനൗരി അതിർത്തിയിൽ ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഴുപത് വയസ്സ് പിന്നിട്ട കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ കേന്ദ്ര നയങ്ങൾക്കെതിരെ സ്വന്തം ജീവൻ പണയംവെച്ച് നടത്തുന്ന നിരാഹാര സമരം ഉന്നതർ കാണാതെ പോകരുത്.

നവംബർ 26 മുതലാണ് നിരാഹാര സമരം തുടങ്ങിയത്. ദല്ലേവാളിന്‍റെ ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡിസംബർ 20ന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച രാത്രി ദല്ലേവാളിന്‍റെ രക്തസമ്മർദവും പൾസ് നിരക്കും കുറഞ്ഞിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അദ്ദേഹം വൈദ്യചികിത്സ നിഷേധിക്കുന്നുണ്ടെങ്കിലും കർഷക സമരസ്ഥലത്ത് എമർജൻസി ടീമുകൾ സജ്ജമാണെന്നും ഡോക്ടർമാർ അറിയിച്ചു.

കർഷകർ പാടത്ത് വിതക്കുന്നതും കൊയ്യുന്നതും രാജ്യത്തിന്‍റെ സുഭിക്ഷതയുടെ അനിവാര്യതയാണെന്ന് അംഗീകരിക്കാനുള്ള വൈമനസ്യത്തിന്‍റെ സ്വാഭാവിക പരിണതിയാണ് അവസാനിക്കാത്ത കർഷകസമരം. കർഷകരുടെ സമരത്തിന് രാജ്യം ഏക മനസ്സോടെ നിരുപാധിക പിന്തുണയേകേണ്ടിയിരിക്കുന്നു. കാരണം, അവർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കപ്പെടേണ്ടത് രാജ്യത്തിന്‍റെ മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന വർഷവും വരൾച്ചയും കർഷകമേഖലയെ നിരന്തരം സംഘർഷഭരിതമാക്കുകയാണ്. 

Tags:    
News Summary - hospital authorities concern about Dallewal's health condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.