ഹൈദരാബാദ്: 2014ലെ ആന്ധ്രപ്രദേശ് പുനസംഘടനാ നിയമപ്രകാരം ഹൈദരാബാദ് ഞായറാഴ്ച മുതൽ തെലങ്കാനയുടെ മാത്രം തലസ്ഥാനമാകും. സംസ്ഥാന വിഭജനം നടന്നപ്പോൾ ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായി പത്ത് വർഷത്തേക്കാണ് ഹൈദരാബാദിനെ നിശ്ചയിച്ചിരുന്നത്. 2014 ജൂൺ രണ്ടിനാണ് തെലങ്കാന നിലവിൽ വന്നത്. പത്ത് വർഷത്തിനു ശേഷം ഹൈദരാബാദ് തെലങ്കാനയുടെ മാത്രം ആസ്ഥാനമാകുമെന്നും ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാനം നിലവിൽവരുമെന്നുമാണ് പുനസംഘടനാ നിയമത്തിൽ പറയുന്നത്.
ആന്ധ്രയുടെ ഭരണകാര്യങ്ങൾക്കായി അനുവദിച്ച കെട്ടിടങ്ങൾ ഏറ്റെടുക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ മാസം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. അതേസമയം, പുതിയ തലസ്ഥാനം എവിടെയാകണമെന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമെടുക്കാൻ ആന്ധ്രപ്രദേശ് സർക്കാരിനു കഴിഞ്ഞിട്ടില്ല. പുതിയ തലസ്ഥാനം അമരാവതിയിൽ വേണോ വിശാഖപട്ടണത്തു വേണോ എന്നതിൽ ഇപ്പോഴും ആന്ധ്രയിൽ തർക്കം തുടരുകയാണ്. വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ വിശാഖപട്ടണം ഭരണ തലസ്ഥാനവും അമരാവതി നിയമനിർമാണ തലസ്ഥാനവും കുർണൂൽ നീതിനിർവഹണ തലസ്ഥാനവുമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. 2019ൽ നിലവിൽവന്ന ആന്ധ്രപ്രദേശ് ഹൈകോടതി നിലവിൽ അമരാവതിയിലാണ് സ്ഥിതിചെയ്യുന്നത്. നിയമസഭ ചേരാനുള്ള താൽക്കാലിക സംവിധാനമൊരുക്കിയത് അമരാവതിക്ക് സമീപമുള്ള വെളഗാപിഡിയിലും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം ജൂൺ നാലിനാണ് ആന്ധ്രയിലും വോട്ടെണ്ണൽ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.