‘പോളിയോ ബാധിച്ച എന്നെ തോളിലേറ്റിയാണ് അമ്മ സ്കൂളിൽ കൊണ്ടുപോയത്, എന്നിട്ട് അമ്മ മരിച്ചപ്പോൾ കാണാൻ പോലും പരോൾ തന്നില്ല’ -വിതുമ്പിക്കരഞ്ഞ് അന്ന് സായിബാബ പറഞ്ഞത്...

ന്യൂഡൽഹി: ‘പോളിയോ ബാധിച്ച് നടക്കാൻ വയ്യാത്ത എന്നെ ചുമലിലേറ്റിയാണ് അമ്മ സ്കൂളിൽ കൊണ്ടുപോയത്. എങ്ങനെയെങ്കിലും വിദ്യാഭ്യാസം കിട്ടണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. പഠിക്കാൻ കഴിയാതിരുന്ന രാജ്യത്തെ മറ്റേത് ആദിവാസി, ദലിത്, ദരിദ്ര അമ്മമാരും ആഗ്രഹിക്കുന്നത് തന്റെ കുട്ടിക്ക് വിദ്യാഭ്യാസം കിട്ടണം എന്നാണ്. അതിനായിരുന്നു എന്റെ അമ്മയും തോളിലേറ്റി സ്കൂളിൽ കൊണ്ടുപോയത്. എന്നാൽ, ആ അമ്മ​യെ മരിക്കുംമുമ്പ് ഒന്ന് കാണാൻ എന്നെ ഇവിടത്തെ നിയമവ്യവസ്ഥ അനുവദിച്ചില്ല. ഒടുവിൽ മരിച്ച് കഴിഞ്ഞ് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും അനുവദിച്ചില്ല’ -വാക്കുകൾ മുറിഞ്ഞ് നിയന്ത്രണം വിട്ട് പ്രഫസർ സായിബാബ വിങ്ങിക്കരഞ്ഞു.

10 വർഷം നീണ്ട ജയിൽവാസത്തിനൊടുവിൽ ഇക്കഴിഞ്ഞ മാർച്ച് ഏഴിന് മോചിതനായ ഡൽഹി സർവകലാശാല പ്രഫസർ സായിബാബ പിറ്റേന്ന് ന്യൂഡൽഹി ഹർകിഷൻ സിങ് സുർജിത് ഭവനിൽ സംസാരിക്കവെയായിരുന്നു തന്റെ പീഡനപർവം പങ്കുവെച്ചത്. ഒരു ഭിന്നശേഷിക്കാരനോടും ലോകത്തൊരാളും കാണിക്കാത്ത മനുഷ്യത്വരാഹിത്യത്തിന്റെ മനസ്സ് മരവിച്ചുപോകുന്ന എണ്ണമറ്റ അനുഭവ സാക്ഷ്യങ്ങളാണ് ഏഴുവർഷം തുടർച്ചയായ ജയിൽവാസത്തെ തുടർന്ന് അങ്ങേയറ്റം പരിക്ഷീണനായ സായിബാബയിൽനിന്ന് കേൾക്കേണ്ടി വന്നത്. ജയിൽവാസക്കാലത്തെ പീഡനം ശരീരത്തിലേൽപിച്ച ആഘാതത്തെ തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹം ആശുപത്രിക്കിടക്കയിൽ അന്തരിച്ചത്.

ഭരണകൂടം തന്നെ ഉപദ്രവിച്ചതിനെ കുറിച്ച് മാർച്ച് എട്ടിന് സായിബാബ പറഞ്ഞതിങ്ങനെ: ‘2014 മേയ് ഒമ്പതിന് അറസ്റ്റ് ചെയ്തപ്പോൾ ഇടതുഭാഗം തൂക്കിയെടുത്തു വലിച്ചുകൊണ്ടുപോകുകയായിരുന്നു പൊലീസ്. അന്നേറ്റ പരിക്ക് ഇപ്പോഴും നീരുവന്ന് വീർത്തുകെട്ടിയ നിലയിലാണ്. ഡൽഹിയിൽനിന്ന് വിമാനത്തിൽ റായ്പുരിലിറക്കി കാറിൽ നാഗ്പുരിലേക്ക് കൊണ്ടുപോയി. ഇതിനിടെ തലച്ചോറിൽനിന്ന് ചുമലിലേക്കുള്ള നാഡികൾ മുറിഞ്ഞു. ഒമ്പത് മാസം ചികിത്സ നൽകിയില്ല. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോൾ ശേഷിയറ്റ മസിലുകളും മുറിഞ്ഞുപോയ ഞരമ്പുകളും പൂർവസ്ഥിതിയിലാക്കാൻ കഴിയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. ജാമ്യം കിട്ടിയപ്പോൾ ഡോക്ടർമാർ സർജറി നിർദേശിച്ച സമയത്താണ് ശിക്ഷാ വിധി വന്നത്. അന്ന് മുതൽ ഇടതു കൈ മുതൽ പോളിയോ ബാധിച്ച ഇടതുകാൽ വരെ വേദന തിന്നുകഴിയുകയാണ്. ആ ഭാഗം പിന്നെയും തളർന്നുപോയിരിക്കുന്നു.

വർഷം തോറും മെഡിക്കൽ ചെക്കപ്പ് നടത്താറുണ്ടായിരുന്ന എനിക്ക് ജയിലിൽ പോകുമ്പോൾ ഒരു അസുഖവുമില്ലായിരുന്നു. ഒരു ഗുളിക പോലും കഴിക്കാറില്ലായിരുന്നു. ഇപ്പോൾ തലച്ചോറിലും വൃക്കയിലും മുഴകളുണ്ട്. എന്റെ ഹൃദയം ഇന്ന് പ്രവർത്തിക്കുന്നത് 55 ശതമാനം മാത്രമാണ്. ഇത്തരം സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഒരിക്കൽ പോലും ചികിൽസ നൽകിയില്ല. ആകെ കൂടി നടത്തിയത് പരിശോധനകൾ മാത്രം. സർക്കാർ ഡോക്ടർമാർ നിർദേശിച്ച ചികിൽസയൊന്നും നൽകിയില്ല.

ഏഴ് വർഷം മുമ്പ് നിർദേശിച്ച ഹൃദയ പരിശോധന പോലും നടത്തിയില്ല. അതിന് പകരം നാലും അഞ്ചും ആറും തരം വേദനാ സംഹാരികൾ നൽകി. റാമ്പില്ലാത്ത ജയിലിൽ ആരെങ്കിലും എടുത്തുകൊണ്ടുപോകാത്തതിനാൽ സന്ദർശക മുറിയിലേക്ക് പോകാനാവില്ലായിരുന്നു. ഓൺലൈൻ വഴി ബന്ധു​ക്കളെ കാണാനുള്ള മുറിയിലേക്കും ജയിൽ ആശുപത്രിയിലേക്കുമൊന്നും പോകാനായില്ല. കുടിക്കാൻ ഒരു ഗ്ലാസ് വെള്ളമെടുക്കാൻ കഴിയാത്ത സാഹചര്യം. എത്ര നാൾ ഒരു മനുഷ്യന് വെള്ളം കിട്ടാതെ ജീവിക്കാൻ കഴിയും?’ -സായിബാബ ചോദിച്ചു.

കുറ്റവിമുക്തനായ സായിബാബയോടും കുറ്റവാളിയായ ആൾദൈവം ഗുർമീത് റാം റഹീമിനോടുമുള്ള നിയമവാഴ്ചയുടെ സമീപനത്തിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ജി.എൻ സായിബാബയെയും ആൾ​ദൈവം ഗുർമീത് റാം റഹീമിനെയും കൈകാര്യം ചെയ്ത രീതിയിലെ ഇരട്ടത്താപ്പ് പോലെ, പരാജയപ്പെട്ട ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ തുറന്നുകാട്ടാൻ വേ​റൊന്നുമി​ല്ലെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

Tags:    
News Summary - I couldn’t see my mother one last time before her death -gn saibaba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.