രണ്ടു വർഷത്തെ തിഹാർ വാസത്തിനുശേഷം മമതയുടെ വിശ്വസ്തൻ ജാമ്യത്തിലിറങ്ങി

കൊൽക്കത്ത: രണ്ടു വർഷത്തിലേറെ നീണ്ട തിഹാർ ജയിൽവാസത്തിനൊടുവിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടൽ ജാമ്യത്തിലിറങ്ങി. പശ്ചിമ ബംഗാളിൽ പശുക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മമതയുടെ വിശ്വസ്തനായ മൊണ്ടലിനെ ജയിലിലടച്ചത്. പാർട്ടിക്കും മുഖ്യമന്ത്രി മമത ബാനർജിക്കും ത​ന്‍റെ അചഞ്ചലമായ പിന്തുണ അദ്ദേഹം അറിയിച്ചു. ബോൽപൂർ പട്ടണത്തിലെ നിച്ചുപട്ടിയിലെ ത​ന്‍റെ വീട്ടിലെത്തിയ മൊണ്ടലിനെ അനുയായികൾ പരമ്പരാഗത ശംഖ് ഊതിയും ഡ്രംസ് അടിച്ചും പച്ച നിറത്തിലുള്ള ‘ഗുലാൽ’ തേച്ചും സ്വീകരിച്ചു.

ബിർഭൂമിലെ വീടിനുപുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മൊണ്ടലിനൊപ്പം മകൾ സുകന്യയും ഉണ്ടായിരുന്നു. ‘ഞാൻ ദീദിയോടൊപ്പമായിരുന്നു എപ്പോഴും. അവർക്കൊപ്പം തന്നെ ഇനിയും ഉണ്ടായിരിക്കും. ദീദിക്ക് ദുർഗാ പൂജാ ആശംസകൾ അറിയിക്കുന്നുവെന്നും’ മൊണ്ടൽ പറഞ്ഞു. എപ്പോൾ മുഖ്യമന്ത്രിയെ കാണുമെന്ന ചോദ്യത്തിന് തനിക്ക് നല്ല സുഖമില്ലെന്നും കാലിനും ഇടുപ്പിനും വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരു യോഗത്തിൽ പ​ങ്കെടുക്കാനായി ബോൽപൂർ സന്ദർശിക്കാനും വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താനും തിരിക്കുന്ന മമത അവരുടെ വിശ്വസ്തനായി കണക്കാക്കുന്ന ടി.എം.സി നേതാവിനെ കാണാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മൊണ്ടലി​ന്‍റെയും മകളുടെയും സ്വത്തുക്കൾ, ഭൂമി ഇടപാടുകൾ, ബിസിനസുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കുന്നത്. ബിർഭൂമിലെ തൃണമൂൽ പ്രസിഡന്‍റായിരുന്നു മൊണ്ടൽ. 2022 ആഗസ്റ്റിൽ അറസ്റ്റിലായതിനുശേഷം അദ്ദേഹത്തി​ന്‍റെ അഭാവത്തിൽ പുതിയ പ്രസിഡന്‍റിനെ പാർട്ടി നിയമിച്ചിട്ടില്ല. പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ഒരു കോർ ടീമിനെ രൂപീകരിച്ചിട്ടുണ്ട്.

പാസ്‌പോർട്ട് സമർപ്പിക്കണമെന്നും സി.ബി.ഐയുമായി സഹകരിക്കണമെന്നുമുള്ള ഉപാധികളോടെ ഈ വർഷം ജൂലൈയിൽ സുപ്രിംകോടതി അനുബ്രത മൊണ്ഡലിന് ജാമ്യം അനുവദിച്ചിരുന്നു. എന്നിട്ടും പശുക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന സമാന്തര അന്വേഷണത്തെത്തുടർന്ന് അദ്ദേഹം തിഹാർ ജയിലിൽ തുടരുകയായിരുന്നു. രണ്ട് വർഷത്തിലേറെ നീണ്ട ജയിൽവാസത്തിനൊടുവിൽ ഇ.ഡി കേസിൽ ഈ മാസം 20ന് മൊണ്ടലിന് ജാമ്യം ലഭിച്ചു. കൂട്ടാളിയാണെന്ന് ആരോപിച്ച് 2023 ഏപ്രിലിൽ അറസ്റ്റ് ചെയ്ത മകൾ സുകന്യക്ക് സെപ്റ്റംബർ 10ന് ഡൽഹി കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags:    
News Summary - 'I will always be with Didi': Trinamul leader Anubrata Mondal after returning home from Tihar Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.