വിവാഹിതയായ സ്ത്രീ എതിർത്തില്ലെങ്കിൽ, ബന്ധം ഉഭയസമ്മതപ്രകാരമെന്ന് അലഹബാദ് ഹൈകോടതി

പ്രയാഗ്‌രാജ് (യു.പി): ബലാത്സംഗക്കേസിലെ ക്രിമിനൽ നടപടികൾക്കിടെ വിചിത്രമായ നിരീക്ഷണവുമായി അലഹബാദ് ഹൈകോടതി. വിവാഹിതയായ സ്ത്രീ എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിൽ ഒരു പുരുഷനുമായുള്ള അവളുടെ ബന്ധം പരസ്പര സമ്മതപ്രകാരമല്ലെന്ന് കണക്കാക്കാനാവില്ലെന്നാണ് കോടതി നിരീക്ഷണം.

നാല്പത് വയസ്സുള്ള വിവാഹിതയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗിന്റെ ഈ നിരീക്ഷണം.

ബലാത്സംഗത്തിനിരയായ യുവതി, ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാതെയും രണ്ടു മക്കളെ ഉപേക്ഷിക്കാതെയും, ഹരജിക്കാരനായ രാകേഷ് യാദവുമായി ബന്ധത്തിൽ ഏർപ്പെടാൻ തീരുമാനിച്ചത് അയാളെ വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഉഭയസമ്മതപ്രകാരമല്ലെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. 

കോടതിയിൽ തങ്ങൾക്കെതിരെ സമർപ്പിച്ച കുറ്റപത്രം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികൾ സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് നിരീക്ഷണം.

വിവാഹിതയായ സ്ത്രീയെ ഭർത്താവുമായുള്ള അകൽച്ച മുതലെടുത്ത് വിവാഹ വാഗ്ദാനം നൽകി അഞ്ച് മാസത്തോളം രാകേഷ് യാദവ് പീഡീപ്പിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂട്ടുപ്രതികളായ രാകേഷ് യാദവിന്റെ സഹോദരനും പിതാവും വിവാഹം നടത്തികൊടുക്കുമെന്ന് ഉറപ്പു നൽകിയാതായിരുന്നുവെന്നുമാണ് ആരോപണം.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇരയ്ക്ക് ഉഭയസമ്മതപ്രകാരമുള്ള പ്രവൃത്തിയുടെ സ്വഭാവവും ധാർമ്മികതയും മനസ്സിലാക്കാനുള്ള പക്വതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. അതുകൊണ്ട് തന്നെ ബലാത്സംഗമല്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും അവർ വാദിച്ചു. കേസ് ഒമ്പത് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. 

Tags:    
News Summary - If married woman does not object, relationship is consensual: Allahabad HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.