മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യ 200 വർഷം പിന്നിലേക്ക് പോകും -സ്റ്റാലിൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം 200 വർഷം പിന്നിലേക്ക് പോകുമെന്ന് ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ശ്രീപെരുമ്പത്തൂരിൽ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യം 200 വർഷം പിന്നോട്ട് പോകും. ​​ചരിത്രം മാറ്റിയെഴുതപ്പെടും. ശാസ്ത്രം പിന്തള്ളപ്പെടും. അന്ധവിശ്വാസത്തിന് പ്രാധാന്യം കൂടും. ഡോ. ബി.ആർ. അംബേദ്കർ എഴുതിയ ഭരണഘടന ആർ.എസ്.എസിനാവശ്യമായ രീതിയിൽ മാറ്റിയെഴുതും. ഇതിനെതിരെയുള്ള ഏക ആയുധം ഓരോരുത്തരുടെയും വോട്ടാണ് -സ്റ്റാലിൻ പറഞ്ഞു.

ബി.ജെ.പിക്കുള്ള വോട്ട് തമിഴ്‌നാടിന്‍റെ ശത്രുവിനുള്ള വോട്ടാണ്. എ.ഐ.എ.ഡി.എം.കെക്കുള്ള വോട്ട് സംസ്ഥാനത്തെ വഞ്ചിക്കുന്നവർക്കുള്ള വോട്ടാണ്. എ.ഐ.എ.ഡി.എം.കെക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സ്റ്റാലിൻ പറഞ്ഞു.

എ.ഐ.എ.ഡി.എം.കെയെയും ബി.ജെ.പിയെയും സഖ്യകക്ഷികളെന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സഖ്യം പിരിഞ്ഞതുപോലെയാണ് പെരുമാറുന്നത്. പരസ്പരം സഹായം ആവശ്യമുള്ള സാഹചര്യത്തിൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് എടപ്പാടി കെ. പളനിസ്വാമി ഉത്തരം പറഞ്ഞിട്ടില്ല.

തമിഴ്നാടിന്‍റെ വികസനത്തിൽ ഞങ്ങൾ ശ്രദ്ധാപൂർവം പദ്ധതികൾ നടപ്പിലാക്കുമ്പോൾ, തനിക്ക് കേന്ദ്രത്തിൽ നിന്ന് അവാർഡുകൾ ലഭിച്ചുവെന്ന് പളനിസ്വാമി അവകാശപ്പെടുന്നു. നിങ്ങൾക്ക് ഏറ്റവും മികച്ച അടിമ എന്ന അവാർഡാണ് ലഭിച്ചത്. ഞങ്ങൾക്ക് ജനങ്ങളുടെ അവാർഡാണ് ലഭിച്ചത്. ജൂൺ നാലിന് ഞങ്ങൾക്ക് മറ്റൊരു അവാർഡ് കൂടി ലഭിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

തമിഴ്‌നാട്ടിൽ ബി.ജെ.പി വിജയിക്കുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദിയെ ആരോ വഞ്ചിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ തമിഴ്‌നാട്ടിൽ ഡി.എം.കെ വിരുദ്ധ തരംഗമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എത്രകാലം ശ്രമിച്ചാലും ബി.ജെ.പിക്ക് തമിഴ്‌നാട്ടിൽ വളരാനാവില്ല. 2014ലും 2019ലും തമിഴ് ജനത ബി.ജെ.പിക്ക് വോട്ട് ചെയ്‌തിട്ടില്ല. നിങ്ങൾ ജനങ്ങളെ വഞ്ചിക്കുമ്പോൾ അവർ എന്തിനാണ് നിങ്ങൾക്ക് വോട്ട് ചെയ്യുന്നത്? രാജ്യത്തിന്‍റെ സുരക്ഷ ഇൻഡ്യ സഖ്യത്തിന്റെ കൈകളിലാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

Tags:    
News Summary - If Modi comes back to power, India will go back 200 years - Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.