അഞ്ചു ട്രില്യൺ ഡോളർ എക്കോണമിയെന്നും ‘വികസിത് ഭാരതെ’ന്നുമെല്ലാം കേന്ദ്ര സർക്കാർ സ്വപ്ന വ്യാപാരം നടത്തുമ്പോൾ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സുപ്രധാന സൂചകങ്ങൾ പിന്നോട്ടുപോകുന്നത് ആശങ്ക പരത്തുന്നു
ഒരു രാജ്യത്ത് ഉൽപാദിപ്പിക്കുന്ന (വിപണിയിൽ വിൽക്കുന്ന) അന്തിമ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള പണ മൂല്യമാണ് ജി.ഡി.പി അഥവാ മൊത്ത ആഭ്യന്തര ഉൽപാദനം. ജി.ഡി.പി കുറയുകയെന്നാൽ അതിനർഥം രാജ്യത്ത് ഉൽപാദനവും തൊഴിലും കുറയുന്നുവെന്നാണ്. പ്രതീക്ഷിച്ച വേഗതയിലും സ്ഥിരതയിലും ജി.ഡി.പി വളരുന്നില്ലെങ്കിൽ സമ്പദ് വ്യവസ്ഥ ക്ഷീണിക്കുന്നുവെന്നാണ് അതിനർഥം. സാധാരണ ജനങ്ങളുടെ ജീവിതനിലവാരത്തിൽ ഇത് പ്രതിഫലിക്കും.
പണനയം പ്രഖ്യാപിക്കാൻ കഴിഞ്ഞ ദിവസം വിളിച്ച വാർത്തസമ്മേളനത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നൽകിയ സൂചനകളും. രാജ്യത്തിന്റെ ജി.ഡി.പി വളർച്ച ലക്ഷ്യമിട്ടതിലും താഴെയാണ്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ജി.ഡി.പി വളർച്ച പ്രതീക്ഷിച്ചിരുന്നത് 7.3 ശതമാനമായിരുന്നു.
എന്നാൽ, നേടാൻ കഴിഞ്ഞത് 5.4 ശതമാനം മാത്രം. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 8.1 ശതമാനം വളർച്ച നേടാൻ കഴിഞ്ഞിരുന്നു. വ്യവസായ വളർച്ച ത്രൈമാസത്തിൽ 7.4 ശതമാനത്തിൽനിന്ന് 2.1 ശതമാനമായി കുറഞ്ഞു. മെച്ചപ്പെട്ട വിളവിന്റെ കരുത്തിൽ കാർഷിക മേഖല കരുത്തുകാട്ടിയില്ലായിരുന്നെങ്കിൽ കണക്കുകൾ പരിതാപകരമായേനെ.
സേവന മേഖല പൊതുവേ മികച്ച നിലയിലാണ്. സർക്കാറിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം (ധനക്കമ്മി) 7.50 ലക്ഷം കോടിയാണ്. ആശങ്കയുടെ ആവശ്യമില്ലെന്നും വളർച്ചാ നിരക്കിലെ ഇടിവ് ആഗോള സാഹചര്യം കാരണമുള്ള താൽക്കാലിക പ്രതിഭാസമാണെന്നും അടുത്ത ത്രൈമാസം മുതൽ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്നുമാണ് റിസർവ് ബാങ്ക് ഗവർണർ പറയുന്നത്.
റിസര്‍വ് ബാങ്കിന്റെ 2025 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനമായ 7.2 ശതമാനം എത്തിപ്പിടിക്കാൻ കഴിയില്ലെന്ന് ഏറക്കുറെ ഉറപ്പാണ്. ഭേദപ്പെട്ട പ്രകടനമെങ്കിലും ഉറപ്പുവരുത്താൻ സർക്കാറും റിസർവ് ബാങ്കും കാര്യമായ ഇടപെടൽ നടത്തേണ്ടിവരും. ഇടത്തരക്കാരുടെ വാങ്ങൽ ശേഷി കുറഞ്ഞതാണ് ഉൽപാദന മേഖലയെയും വ്യവസായത്തെയും ബാധിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.
പലിശ നിരക്ക് കുറക്കണോ വേണ്ടയോ എന്ന കാര്യത്തിൽ റിസർവ് ബാങ്കിനു തന്നെ ആശയക്കുഴപ്പമുണ്ട്. പണനയ സമിതിയിലെ ആറംഗങ്ങളിൽ രണ്ടുപേർ വളർച്ചാ നിരക്ക് മെച്ചപ്പെടുത്താൻ പലിശനിരക്ക് കുറക്കണമെന്ന് വാദിച്ചപ്പോൾ നാലുപേർ പണപ്പെരുപ്പം വരുതിയിലാകാത്തതിനാൽ പലിശ കുറക്കാനായില്ല എന്ന അഭിപ്രായക്കാരാണ്.
മൂന്നുദിവസത്തെ കൂടിയാലോചനക്കൊടുവിലാണ് തൽസ്ഥിതി തുടരാൻ തീരുമാനിച്ചത്. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് രണ്ടുതവണ കുറച്ചതോടെ ഇന്ത്യയും ആ വഴിയേ നീങ്ങും എന്ന് പ്രതീക്ഷിച്ചപ്പോളാണ് ഇടിത്തീയായി രണ്ടാംപാദത്തിലെ ജി.ഡി.പി വളർച്ചാ നിരക്ക് കുത്തനെ കുറഞ്ഞ റിപ്പോർട്ട് വരുന്നത്.
ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും വാങ്ങൽ ശേഷി കുറഞ്ഞതാണ് മുരടിപ്പിന് കാരണം. ഇത് പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിച്ചേ തീരൂ. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ കൂടുതൽ ചെലവഴിച്ചാൽ വിപണിയിൽ പണമെത്തും. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഈ ദിശയിൽ എന്തെങ്കിലുമൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടായാൽ മാത്രമേ പ്രതീക്ഷയുള്ളൂ.
നികുതിഭാരം കുറച്ചും ജനങ്ങൾക്ക് ആശ്വാസം പകരണം. അതുവഴി അവരുടെ പക്കൽ അധികമായി വരുന്ന പണം വിപണിയിലേക്കുതന്നെ ഒഴുകും. ബാങ്കുകൾക്ക് കൂടുതൽ പണം ലഭ്യമാക്കി വായ്പക്ക് സൗകര്യം ചെയ്തുകൊടുക്കുകയെന്നതാണ് സാമ്പത്തിക പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ അധികൃതർ ഇപ്പോൾ കാണുന്ന എളുപ്പവഴി.
സമ്പദ് വ്യവസ്ഥയിലെ ക്ഷീണം ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. ജനങ്ങളുടെ തൊഴിലും വരുമാനവും കുറഞ്ഞാൽ അവർക്ക് സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ശേഷിയില്ലാതാകും. ഇത് വിപണിയിൽ ഡിമാൻഡ് ഇല്ലാതാക്കും. വാണിജ്യവും വ്യവസായവും ക്ഷയിക്കും.
തന്മൂലം വീണ്ടും കുറേ പേർക്ക് തൊഴിൽ നഷ്ടപ്പെടും. പലരുടെയും വരുമാനം ഗണ്യമായി കുറയും. ഇതൊരു ചാക്രിക പ്രവർത്തനമാണ്. ഈ രോഗലക്ഷണം കണ്ടാൽ ഉത്തരവാദപ്പെട്ട ഭരണകൂടം വിപണിയിൽ ഇടപെടണം. ജനങ്ങളുടെ പക്കൽ കൂടുതൽ പണമെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. ഉദാരമായി വായ്പ ലഭ്യമാക്കുക എന്നത് ഉത്തമ പരിഹാരമല്ല. വികസന, ക്ഷേമ പ്രവർത്തനങ്ങളിലൂടെ താഴേത്തട്ടിലേക്ക് കൂടുതൽ പണമെത്തിക്കുകയാണ് വേണ്ടത്.
ജനങ്ങളുടെ വാങ്ങൽ ശേഷി വർധിക്കുമ്പോൾ വിപണി സജീവമാകും. വ്യവസായം വളരും. നികുതിയായും മറ്റും സർക്കാറിന്റെ വരുമാനം കൂടും. സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറക്കുന്ന കേന്ദ്ര നിലപാട് ആത്യന്തികമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് തന്നെയാണ് ക്ഷീണം ചെയ്യുക.
ഇതിന്റെ തെളിവാണ് രാജ്യത്ത് കോര്‍പറേറ്റുകളില്‍നിന്ന് ലഭിക്കുന്ന നികുതിവരുമാനത്തില്‍ വന്നിരിക്കുന്ന വന്‍ ഇടിവ്
അതിരുവിട്ട കോർപറേറ്റ് പ്രീണന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ തെളിവാണ് രാജ്യത്ത് കോര്‍പറേറ്റുകളില്‍നിന്ന് ലഭിക്കുന്ന നികുതിവരുമാനത്തില്‍ വന്നിരിക്കുന്ന വന്‍ ഇടിവ്. കഴിഞ്ഞ ബജറ്റിൽ കോർപറേറ്റ് നികുതി 40ൽ നിന്ന് 35 ശതമാനമായി കുറച്ചിരുന്നു. കോർപറേറ്റുകളുടെ നികുതി കുറക്കുന്നത് നിക്ഷേപവും തൊഴിലും വർധിപ്പിക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടിരുന്നത്.
ഇതിനു പുറമെ കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ 2019ൽ കണ്‍സഷനല്‍ കോര്‍പറേറ്റ് നികുതി സമ്പ്രദായം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നുവരെയായി കോർപറേറ്റുകൾക്ക് മൂന്നുലക്ഷം കോടിയുടെ നികുതിയിളവ് ഇതുവഴി ലഭിച്ചു. അഞ്ചുവർഷത്തിനിടെ കമ്പനികളുടെ ലാഭം 32.5 ശതമാനം വർധിക്കുകയും ചെയ്തു. എന്നാൽ, ജൂലൈ -സെപ്റ്റംബർ കാലയളവിൽ രാജ്യത്തെ കോര്‍പറേറ്റ് കമ്പനികളില്‍ നിന്നുള്ള നികുതിവരുമാനത്തില്‍ ഏഴുശതമാനത്തിന്റെ ഇടിവുണ്ടായി.
അടിസ്ഥാനപരമായി ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കാതെ രക്ഷയില്ലെന്ന് വിദഗ്ധർ പറയുന്നു. നാലുവർഷത്തെ ഏറ്റവും കുറവ് കോര്‍പറേറ്റ് നികുതിയാണ് നടപ്പുസാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ലഭിച്ചത്.
ബിസിനസ് സ്റ്റാൻഡേർഡ് പഠന റിപ്പോർട്ട് പ്രകാരം 3515 കോർപറേറ്റ് കമ്പനികള്‍ അടച്ച നികുതി കഴിഞ്ഞ സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ 1.18 ലക്ഷംകോടി രൂപ ആയിരുന്നുവെങ്കിൽ ഈ വർഷം 1.09 ലക്ഷം കോടിയായി കുറഞ്ഞു. അതേസമയം, കോർപറേറ്റുകൾക്ക് നൽകുന്ന നികുതിയിളവിൽ ഗണ്യമായ വർധനയുണ്ടായി. എന്നാൽ, സാധാരണ ജനങ്ങളുടെ നികുതിഭാരം കുറക്കാൻ സർക്കാർ തയാറാകുന്നില്ല.
രൂപയുടെ മൂല്യം തകർന്നുകൊണ്ടിരിക്കുകയാണ്. എക്കാലത്തെയും താഴ്ന്ന നിലയിലാണ് ഇപ്പോൾ ഉള്ളത്. ഒരു ഡോളർ ലഭിക്കാൻ 84.69 രൂപ കൊടുക്കണം. ഏതാനും മാസങ്ങൾക്കകം ഇത് 90 രൂപയിലെത്തുമെന്നാണ് വിലയിരുത്തൽ. ആഗോള വിപണിയിൽ വ്യാപാരത്തിനായി ഡോളറിനെയാണ് ഇന്ത്യ അശ്രയിക്കുന്നത്.
ഒരു ഡോളർ വാങ്ങാൻ കൂടുതൽ രൂപ ചെലവാക്കുന്നതിനെ രൂപയുടെ മൂല്യം കുറയുന്നതായും കുറച്ച് രൂപ മാത്രം ഉപയോഗിക്കുന്നത് രൂപയുടെ മൂല്യം കൂടിയതായും കണക്കാക്കാം. മൂല്യം ഇടിയുമ്പോൾ ഇറക്കുമതിക്കായി ഡോളർ വാങ്ങാൻ ഇന്ത്യ കൂടുതൽ രൂപ കൊടുക്കേണ്ടിവരും. ട്രംപിന്റെ നയങ്ങൾ ഡോളറിനെ ശക്തിപ്പെടുത്തിയാൽ രൂപക്ക് തിരിച്ചടിയാണ്. ഇന്ധന വില വർധനയാണ് മറ്റൊരു വെല്ലുവിളി.
ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ക്രൂഡ് ഓയിലാണ്. ഉപഭോഗത്തിന്റെ 85-90 ശതമാനം ക്രൂഡ് ഓയിലും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യ ഇപ്പോഴും ഒരു ഉപഭോക്തൃ രാജ്യമാണ്. അതായത്, സ്വന്തം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനേക്കാൾ വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രൂപയുടെ മൂല്യം കുറയുമ്പോൾ ഇറക്കുമതി ചെയ്യുന്ന ഉൽപന്നം ലഭിക്കാൻ കൂടുതൽ രൂപ നൽകണം. ഇത് സമ്പദ് വ്യവസ്ഥയിൽ ചോർച്ചയുണ്ടാക്കും.
പ്രവാസികൾ -അവർ നാട്ടിലേക്കയക്കുന്ന പണത്തിന് കൂടുതൽ മൂല്യം ലഭിക്കും
കയറ്റുമതിക്കാർ -അവരുടെ വരുമാനം രൂപയിലേക്ക് മാറ്റുമ്പോൾ കൂടുതൽ മൂല്യം ലഭിക്കും
വിദേശ നിക്ഷേപകർ -ഇന്ത്യയിലെ നിക്ഷേപത്തുകക്ക് രൂപ ഇടിയുമ്പോൾ കൂടുതൽ മൂല്യം ലഭിക്കും
ഡോളറിനെതിരെ രൂപയുടെ മൂല്യം
ക്ഷേമപദ്ധതികൾ മാറ്റിവെച്ചും വെട്ടിക്കുറച്ചും കോർപറേറ്റ് മേഖലക്ക് വാരിക്കോരി നൽകുന്ന കേന്ദ്ര സർക്കാറിന്റെ നയം സാധാരണക്കാരെ പ്രതികൂലമായി ബാധിച്ച വിധം:
ഗ്രാമീണമേഖലയിൽ തൊഴിൽ ഉറപ്പാക്കിയിരുന്ന ക്ഷേമ പദ്ധതിയായ എം.ജി.എൻ.ആർ.ഇ.ജി.എ (തൊഴിലുറപ്പ് പദ്ധതി) ക്ക് അനുവദിക്കുന്ന തുകയിൽ ഒമ്പതു വർഷത്തെ ഏറ്റവും കുറഞ്ഞ ബജറ്റ് വിഹിതമാണ് 2024ൽ നീക്കിവെച്ചത് (1.78%). ലക്ഷക്കണക്കിന് ഗ്രാമീണരുടെ വരുമാനത്തെയും തൊഴിൽ സുരക്ഷയേയും ഇത് ബാധിച്ചു.
കോർപറേറ്റ് നികുതി കഴിഞ്ഞ വർഷങ്ങളെക്കാൾ പത്തു ശതമാനത്തോളം കുറച്ചു. ഇതടക്കമുള്ള കാരണങ്ങളാൽ സർക്കാർ വരുമാനം കുറയുകയും സാമൂഹിക ക്ഷേമ പദ്ധതികൾക്കുള്ള വിഹിതം കുറയുകയും ചെയ്തു.
കർഷകർക്കും കുറഞ്ഞ വരുമാനക്കാർക്കും ആശ്വാസമായിരുന്ന ഭക്ഷ്യ, വളം സബ്സിഡി കുറച്ചുകൊണ്ടുവരുന്നത് സാധാരണക്കാരെ കാര്യമായി ബാധിച്ചു.
വൻതോതിൽ ജോലി സൃഷ്ടിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും അതു സംഭവിക്കുന്നില്ല. കാർഷികേതര മേഖലയിൽ 78.5 ലക്ഷം ജോലികൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ജി.എസ്.ടി പരിഷ്കാരം മുതൽ നോട്ടുനിരോധം വരെ തൊഴിലില്ലായ്മ വർധിപ്പിച്ച സർക്കാർ നയങ്ങൾ അനവധി.
വൻതോതിൽ തൊഴിൽ സൃഷ്ടിച്ചിരുന്ന ചെറുകിട ഇടത്തരം വ്യവസായമേഖല ജി.എസ്.ടി പരിഷ്കാരം കാരണം ഇന്നും തളർന്നു കിടക്കുന്നു. ചില വായ്പ പദ്ധതികൾ പ്രഖ്യാപിച്ചുവെങ്കിലും അനേകം എം.എസ്.എം.ഇകൾ സർക്കാർ പിന്തുണ കിട്ടാതെ വീണുപോകുന്നു.
രാജ്യസമ്പത്തിന്റെ 40 ശതമാനവും കൈയാളുന്നത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന സമ്പന്നരാണെന്ന് 2023ലെ കണക്കുകൾ പറയുന്നു. കോർപറേറ്റ് അനുകൂലമായി, സമ്പത്തിന്റെ വിതരണത്തിലുള്ള അതിഭീമമായ അന്തരം സൃഷ്ടിച്ചതാണ് ഈ വിടവ്.
കോർപറേറ്റുകൾക്ക് നികുതിയളവ് നൽകുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും അമിതമായ എക്സൈസ് ഡ്യൂട്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുത്തുന്നത് മധ്യവർഗത്തെയും താഴ്ന്ന വരുമാനക്കാരെയുമാണ്.
കോവിഡാനന്തരം പൊതുജനാരോഗ്യത്തിൽ കൂടുതൽ ബജറ്റ് വിഹിതം വേണ്ടിയിരുന്നിട്ടും നാമമാത്ര വർധന മാത്രമാണ് ഈ മേഖലക്ക് ലഭിച്ചത്. ഇത് ദരിദ്ര വിഭാഗങ്ങളെ കൂടുതൽ അരികുവത്കരിക്കുന്നു.
ഉൽപാദന മേഖലയിൽ 11 മാസത്തെ കുറഞ്ഞ വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. ഡിമാൻഡില്ലാതെ സ്റ്റോക്ക് കെട്ടിക്കിടക്കുന്നതിനാൽ പല കമ്പനികളും ഉൽപാദനം കുറച്ചു. കമ്പനികളുടെ ത്രൈമാസ റിപ്പോർട്ടിനൊപ്പമുള്ള കമന്റിൽ ഇക്കാര്യം വ്യക്തമാണ്. അന്തിമ ഉൽപന്നത്തിന്റെ ഡിമാൻഡ് കുറഞ്ഞത് അസംസ്കൃത വസ്തുക്കളുടെ നിർമാതാക്കളെയും ബാധിച്ചു.
മത്സരം കടുത്തതോടെ വില കുറച്ച് പിടിച്ചുനിൽക്കാൻ കമ്പനികൾ നിർബന്ധിതരായി. ഇത് ലാഭം ഗണ്യമായി കുറച്ചു. രണ്ടാം പാദത്തിലെ കമ്പനികളുടെ പ്രവർത്തന ഫലം വളരെ മോശമായിരുന്നു. വില കുറച്ചിട്ടും വിൽപന കൂടുന്നില്ല എന്നത് സമ്പദ് വ്യവസ്ഥയുടെ ക്ഷീണത്തിന്റെ വ്യക്തമായ സൂചനയാണ്.
ഇന്ത്യയിൽ മധ്യവർഗത്തിന്റെ ഉപഭോഗം കുറയുന്നുവെന്ന സൂചന നൽകുന്ന വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വാഹന വിൽപനയിലുണ്ടായ ഇടിവ് ഒരു സൂചനയാണ്. ആഡംബര വാഹനങ്ങളുടെ വിൽപനയെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഇടത്തരക്കാർ ഉപയോഗിക്കുന്ന വിവിധ വാഹനങ്ങളുടെ വിൽപന കുറയുകയോ പ്രതീക്ഷിച്ച വളർച്ച ഇല്ലാതിരിക്കുകയോ ചെയ്തിട്ടുണ്ട്.
വാഹന കമ്പനികളുടെ ഓഹരി വിലയിലും ഇത് പ്രകടമാണ്. ഉത്സവ കാലത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാറുണ്ട്. ഇത്തവണ അതുണ്ടായില്ല. വേണ്ടത്ര ബുക്കിങ് ഇല്ല എന്നതുതന്നെ കാരണം. വൻകിട ഹോട്ടലുകളുടെ ഒക്യുപെൻസിയിലും ഇതുതന്നെ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.