മുസ്‍ലിംകളെ ചേർത്തുപിടിച്ച് മാനവികതയുടെ   ഇഫ്താർ ഒരുക്കി വാരണാസിയിലെ റെഡ് ചർച്ച്

വാരണാസിയിലെ റെഡ് ചർച്ചിന്റെ മുറ്റത്ത് മുസ്‍ലിംകൾ നമസ്കാരം നിർവഹിക്കുന്നു


മുസ്‍ലിംകളെ ചേർത്തുപിടിച്ച് മാനവികതയുടെ ഇഫ്താർ ഒരുക്കി വാരണാസിയിലെ റെഡ് ചർച്ച്

വാരണാസി: ഇഷ്ടികകളും കല്ലുകളും കൊണ്ട് പടുത്തുയർത്തിയ കേവലം ആരാധാനയമല്ല റെഡ് ചർച്ച് എന്നറിയപ്പെടുന്ന വാരണാസിയിലെ ബിഷപ്പ് ഹൗസ്. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും കരങ്ങൾകൊണ്ട് മറ്റുള്ളവരെ ചേർത്തുനിർത്തി മാനവികതയെ പ്രതിധ്വനിപ്പിക്കുന്ന കേന്ദ്രം കൂടിയാണ്. എല്ലാ വർഷവും ഈ ചരിത്രപ്രസിദ്ധമായ ചർച്ച്, മതത്തിനും ജാതിക്കും അതീതമായി സംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമായി മാറുന്ന ഇഫ്താറിന്റെ വേദി കൂടിയായി മാറും.

ഇത്തവണയും പതിവു തെറ്റിച്ചില്ല. വ്യത്യസ്ത വിശ്വാസ പരിസരങ്ങളിലുള്ളവർ ഒത്തുചേർന്ന് മുസ്‍ലിംകൾക്കൊപ്പം പരസ്പര ബഹുമാനത്തിന്റെയും ഒരുമയുടെയും മാതൃക പ്രകടിപ്പിക്കുന്ന ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ക്രിസ്ത്യൻ വേരുകൾക്കപ്പുറം സമന്വയത്തിന്റെ ചരിത്രപരമായ പാരമ്പര്യമുള്ള ബിഷപ്പ് ഹൗസ്, നൂറ്റാണ്ടുകളായി വൈവിധ്യമാർന്ന സമൂഹങ്ങളെ ഒരുമിപ്പിച്ച് വാരണാസിയുടെ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു. മതേതരത്വത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്ന പ്രേംചന്ദ്, കബീർ, സന്ത് രവിദാസ് എന്നിവരുടെ പൈതൃകങ്ങൾ ചർച്ചിന്റെ ചുവരുകളിൽ പ്രതിധ്വനിക്കുന്നു. ‘മതത്തിന്റെ മതിലുകൾ തകരുമ്പോൾ, മനുഷ്യത്വം കൂടുതൽ ശക്തമാകുന്നു’ എന്ന ശക്തമായ സന്ദേശം നൽകുന്ന ഒരു സവിശേഷ അവസരമായി റെഡ് ചർച്ചിലെ ഇഫ്താർ സംഗമം മാറി.


 40 വർഷത്തെ പാരമ്പര്യം

റെഡ് ചർച്ചിലെ ഇഫ്താർ സംഗമം ഒരു പുതിയ സംരംഭമല്ല. 40 വർഷത്തോളമായി നിലനിൽക്കുന്ന ഒരു പാരമ്പര്യമാണ്. കോവിഡ് മഹാമാരിയുടെ വേളയിലെ ഒരു ചെറിയ ഇടവേളക്കുശേഷം സമീപ വർഷങ്ങളിൽ പരിപാടി വളരെ ആവേശത്തോടെ പുനഃരാരംഭിച്ചു. 

പ​ങ്കെടുത്തവർ സംസ്കാരത്തിന്റെ ശക്തമായ പങ്കുവെപ്പായി വിശേഷിപ്പിച്ചു. പിരിയും മുമ്പ് ‘ശംഖൊലിയും ബാങ്കുവിളിയും കേൾക്കുന്നിടത്ത് ഐക്യമുണ്ടാവട്ടെ, അതാവട്ടെ ഇന്ത്യ!’ എന്ന മ​ന്ത്രണം അന്തരീക്ഷത്തിൽ മുഴക്കി. കുട്ടികളും സ്ത്രീകളും സന്തോഷത്തോടെ ഇഫ്താറിൽ ഭാഗഭാക്കായി. പള്ളിയുടെ മുറ്റത്ത് നമസ്കാരവും നടന്നു. 


ഐക്യത്തിന്റെ മാതൃക

ക്രിസ്ത്യൻ വിശ്വാസത്തിന്റെ അഭിമാനകരമായ കേന്ദ്രമായി ഇത് നിലകൊള്ളുന്നുണ്ടെങ്കിലും മതത്തെ അടിസ്ഥാനമാക്കിയുള്ള തടസ്സങ്ങൾ ഒരിക്കലും അവിടെ ഉയർന്നില്ല. പകരം എല്ലാ സമൂഹങ്ങൾക്കും സ്നേഹത്തിന്റെയും സ്വീകാര്യതയുടെയും പ്രതീകമായി. റമദാനിലെ ഈ സ്നേഹവിരുന്ന് ഏതെങ്കിലും ഒരു മതത്തിനു മാത്രമായി അവകാശപ്പെട്ടതല്ലെന്ന് ചർച്ച് തെളിയിക്കുന്നു.

സംഗമത്തിന്ബനാറസ് മുഫ്തി മൗലാന അബ്ദുൽ ബാത്തിൻ നൊമാനി സന്നിഹിതനായിരുന്നു. ബിഷപ്പ് യൂജിൻ ജോസഫ് പരിപാടിക്ക് നേതൃത്വം നൽകി. ‘വാരണാസിയുടെ സംസ്കാരം എപ്പോഴും ഐക്യത്തിന്റെയും സ്നേഹത്തിന്റേതുമാണ്. ഈ നഗരം എപ്പോഴും സാഹോദര്യത്തിന്റെ സന്ദേശം വഹിച്ചുകൊണ്ടിരുന്നു. ഇന്നത്തെ പരിപാടി ആ പാരമ്പര്യത്തിന്റെ തുടർച്ചയാണ്. മുസ്‍ലിം സഹോദരങ്ങൾ തങ്ങളുടെ നോമ്പ് തുറക്കാൻ റെഡ് ചർച്ചിന്റെ മുറ്റത്ത് ഒത്തുകൂടി എന്നത് അഭിമാനകരമാണ്. ഈ വിശുദ്ധ റമദാൻ നമ്മെ ക്ഷമ, വിശ്വാസം, സ്നേഹം എന്നിവ പഠിപ്പിക്കുന്നു. ഈദ് പെരുന്നാൾ അതേ സന്തോഷത്തോടെയും സാഹോദര്യത്തോടെയും ആഘോഷിക്കപ്പെടുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് മൗലാന ബാത്തിൻ പറഞ്ഞു.


വാരണാസിയുടെ പൊതുവായ സംസ്കാരത്തിന്റെ ശക്തമായ പ്രതീകമായി ഇഫ്താറിനെ ബിഷപ്പ് ജോസഫ് വിശേഷിപ്പിച്ചു. ‘ഈ പരിപാടി നോമ്പുതുറ മാത്രമല്ല. മനുഷ്യത്വത്തിന്റെ നിറങ്ങളിൽ നമ്മെത്തന്നെ വർണിക്കുകയും കൂടിയാണ്. സമൂഹത്തിൽ പരസ്പര സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. റമദാൻ മുസ്‍ലിംകൾക്ക് മാത്രമല്ല. ഇത് ക്ഷമയുടെയും സേവനത്തിന്റെയും സമർപ്പണത്തിന്റെയും ഒരു മാസമാണ്. നമ്മൾ ഒരുമിച്ച് ഒരു ഭക്ഷണത്തിനായി ഇരിക്കുമ്പോൾ, അത് മതപരമായ ഐക്യത്തിന്റെ ഏറ്റവും മനോഹരമായ രൂപമായി മാറുന്നു’- അദ്ദേഹം പറഞ്ഞു.

നിചിബാഗ് ഗുരുദ്വാരയിലെ മുഖ്യ പുരോഹിതനായ ധർമവീർ സിങ്, സോഷ്യലിസ്റ്റ് നേതാവ് അഥർ ജമാൽ ലാരി, ആക്ടിവിസ്റ്റ് ഡോ. മുനിജ ഖാൻ, ഫാദർ ആനന്ദ് തുടങ്ങിയവർ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നു.





Tags:    
News Summary - Why Azan Once Resonates at Varanasi’s Red Church During Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.