മുംബൈ: ബോംബെ ഐ.ഐ.ടിയിൽ വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ 22കാരനായ കാന്റീന്‍ ജീവനക്കാരൻ പിടിയിൽ. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് മുംബൈ പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഇയാൾ അറസ്റ്റിലായത്. ശുചിമുറിക്ക് പുറത്തുകൂടെയുള്ള പൈപ്പിൽ വലിഞ്ഞുകയറിയാണ് ഇയാൾ കാമറ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുളിമുറി ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട് ചണ്ഡിഗഢ് സർവകലാശാലയിൽ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി ബോംബെ) യിലും സമാന സംഭവം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രാത്രി ഹോസ്റ്റൽ നമ്പർ 10ലെ കുളിമുറിയിൽ വെച്ച് ഐ.ഐ.ടിയിലെ കാന്റീന്‍ ജീവനക്കാരൻ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയെന്നാണ് വിദ്യാർഥിനിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ പവായ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കാന്റീൻ തൊഴിലാളിക്കെതിരെ പവായ് സ്റ്റേഷനിൽ കേസ് എടുക്കുകയായിരുന്നു. എഫ്.ഐ.ആർ ഫയൽ ചെയ്തതിന് പിന്നാലെ ഞായറാഴ്ച രാത്രി തന്നെ ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അതേസമയം, ചണ്ഡിഗഢ് സർവകലാശാല കാമ്പസിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഞായറാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തിനും മുഖ്യമന്ത്രി രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.