പൂർവ വിദ്യാർഥി സംഗമത്തിൽ സംസാരിക്കുന്നതിനിടെ ഐ.ഐ.ടി പ്രഫസർ കുഴഞ്ഞുവീണ് മരിച്ചു

കാൺപൂർ: പൂർവ വിദ്യാർഥി സംഗമത്തിൽ സംസാരിക്കുന്നതിനിടെ കാൺപൂർ ഐ.ഐ.ടി പ്രഫസർ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവിയും സ്റ്റുഡന്റ് അഫേഴ്സ് ഡീനുമായിരുന്ന സമീർ ഖണ്ടേകർ(53)ആണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നല്ല രീതിയില്‍ ആരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. 'നിങ്ങളുടെ ആരോഗ്യം നന്നായി സംരക്ഷിക്കണ'മെന്ന് പറഞ്ഞ ഉടന്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

അഞ്ചുവർഷമായി ഉയർന്ന കൊളസ്ട്രോൾ ആയിരുന്നു സമീർ ഖണ്ടേകർക്ക് എന്ന് സുഹൃത്തുക്കൾ പറഞ്ഞു. മരണത്തിൽ കാൺപൂർ ഐ.ഐ.ടി ഡയറക്ടർ അഭയ് കറാന്തികർ നടുക്കം രേഖപ്പെടുത്തി. മികച്ച അധ്യാപകനെയും ഗവേഷകനെയുമാണ് നഷ്ടമായതെന്ന് അദ്ദേഹം അനുസ്മരിച്ചു.

വേദിയിൽ സംസാരിക്കുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട സമീറിന് അമിതമായി വിയർക്കാനും തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾക്ക് മനസിലാകുന്നതിന് മുമ്പ് തന്നെ അദ്ദേഹം കുഴഞ്ഞുവീണു. മൃതദേഹം കാൺപൂർ ഐ.ഐ.ടി ഹെൽത്ത് സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. കാംബ്രിജ് യൂനിവേഴ്സിറ്റിയൽ പഠിക്കുന്ന ഏക മകൻ പ്രവാഹ് ഖണ്ടേകർ എത്തിയാലുടൻ സംസ്കാരം നടക്കും.

മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയാണ് സമീർ. കാൺപുർ ഐ.ഐ.ടിയിൽ നിന്ന് ബി.ടെക് ബിരുദം നേടിയ അദ്ദേഹം ജർമനിയിലാണ് പി.എച്ച്.ഡി ചെയ്തത്. 2004 ൽ കാൺപുർ ഐ.ഐ.ടിയിൽ അസിസ്റ്റന്റ് പ്രഫസറായി.  പിന്നീട് അസോസിയേറ്റ് പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. സ്വന്തം പേരിൽ  എട്ട് പേറ്റന്റുകളും അദ്ദേഹത്തിനുണ്ട്.

Tags:    
News Summary - IIT kanpur professor collapses on stage while delivering lecture, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.