ബംഗളൂരു: കോടികളുടെ ഐ.എം.എ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ മുൻ കോൺഗ്രസ് മന്ത്രി ആർ. റോഷൻ ബേയ്ഗിന് സി.ബി.ഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി ബേയ്ഗിെൻറ അഭിഭാഷകർ കോടതിയെ സമീപിച്ചത്. കേസിൽ അറസ്റ്റിലായി രണ്ടാഴ്ചക്കുശേഷമാണ് റോഷൻ ബേയ്ഗിന് ഉപാധികളോടെ ജാമ്യം ലഭിക്കുന്നത്. റിമാൻഡിലിരിക്കെ ദേഹാസ്വാസ്ഥ്യമുണ്ടായ റോഷൻ ബേയ്ഗിനെ ജയദേവ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു.
പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ ബേയ്ഗിന് നേരത്തെയുണ്ട്. കോടതിയിൽനിന്നുള്ള മുൻകൂർ അനുമതിയില്ലാതെ ബംഗളൂരുവിനു പുറത്തുപോകരുതെന്ന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും കോടതി ജാമ്യവ്യവസ്ഥയിൽ നിർദേശിച്ചു. പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കാനും കോടതി നിർദേശിച്ചു.
ഐ.എം.എയുടെയും അവരുടെ ബിസിനസ് സ്ഥാപനങ്ങളുടെയും പ്രമോട്ടറായാണ് റോഷൻ ബേയ്ഗ് പ്രവർത്തിച്ചതെന്നാണ് ആരോപണം.
റോഷൻ ബേയ്ഗിലൂടെ നിക്ഷേപകരുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ ഐ.എം.എ എം.ഡിയും തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ മുഹമ്മദ് മൻസൂർ ഖാൻ ശ്രമിച്ചുവെന്നുള്ളതിെൻറ തെളിവുകളും സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് കേസിൽ കഴിഞ്ഞ നവംബർ 22 നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.