സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ സുപ്രധാന വിധികൾ

ന്യൂഡൽഹി: സുപ്രീംകോടതിയിൽ എട്ട് വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ധനഞ്ജയ യെഷ്വന്ത് ചന്ദ്രചൂഡ് എന്ന ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങി. നവംബർ 10  ഞായറാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി വിരമിക്കുന്നത്. എന്നാൽ സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അവസാന ദിവസം വെള്ളിയാഴ്ച അവസാനിച്ചു.

നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ മറ്റൊരു ഭരണഘടനാ ബെഞ്ച് വിധിയോടെ വെള്ളിയാഴ്ച തന്റെ അവസാന പ്രവൃത്തിദിനം അദ്ദേഹം അടയാളപ്പെടുത്തി. അലിഗഢ് മുസ്‍ലിം സർവകലാശാലയുടെ 1967ലെ ന്യൂനപക്ഷ സ്ഥാപനമല്ല എന്ന വിധി അസാധുവാക്കിയായിരുന്നു അദ്ദേഹത്തിന്റെ ചരിത്ര വിധി. അദ്ദേഹത്തിന്റെ വിധിന്യായങ്ങൾ സ്വകാര്യത, ഫെഡറലിസം, മധ്യസ്ഥത തുടങ്ങിയ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ചന്ദ്രചൂഡിന്റെ ശ്രദ്ധേയമായ വിധികൾ

1. അയോധ്യ ഭൂമി തർക്ക കേസ്: 2019 നവംബറിലെ ഏകകണ്ഠമായ വിധിയിൽ സുപ്രീംകോടതി മുഴുവൻ തർക്കഭൂമിയും രാമക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറണമെന്നു വിധിച്ചു. മുസ്‍ലിംകൾക്ക് ഏറ്റെടുത്ത സ്ഥലത്തിന് സമീപമോ അയോധ്യയിലെ അനുയോജ്യമായ സ്ഥലത്തോ മസ്ജിദ് പണിയുന്നതിനായി അഞ്ച് ഏക്കർ ഭൂമി നൽകണം.

2. ഇലക്ടറൽ ബോണ്ട് കേസ്: രാഷ്ട്രീയ ഫണ്ടിങ്ങിനായി കേന്ദ്രസർക്കാരിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതിക്കെതിരെ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. ഇലക്ടറൽ ബോണ്ട് ഥരണഘടനവിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചു.

3. അവിവാഹിതരായ സ്ത്രീകൾക്ക് ഗർഭച്ഛിദ്രാവകാശം: വിവാഹിതരായ സ്ത്രീകൾക്ക് തുല്യമായി മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമപ്രകാരം 24 ആഴ്ച വരെ അവിവാഹിതരായ സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി.

4. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കൽ: അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് വിധിക്കുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

5. ശബരിമല ക്ഷേത്രത്തിൽ സ്ത്രീകളുടെ പ്രവേശന വിലക്ക് നീക്കി: ശബരിമല ക്ഷേത്രത്തിൽ 10-50 പ്രായപരിധിയിലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രവേശനം വിലക്കിയ നിയമം 2018ൽ സുപ്രീംകോടതി റദ്ദാക്കി.

6. സ്വകാര്യ സ്വത്ത്: ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) പ്രകാരം എല്ലാ സ്വകാര്യ സ്വത്തും സമൂഹത്തിൻ്റെ പുനർവിതരണത്തിനുള്ള ഭൗതിക വിഭവമായി കണക്കാക്കാനാവില്ലെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു.

7. സ്വകാര്യതയ്ക്കുള്ള അവകാശം: ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിൻ്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും ഭാഗമായി സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

മാത്രമല്ല, സാ​ങ്കേതിക വിദ്യയുടെ സാധ്യത സുപ്രീംകോടതിയടക്കം വിവിധ കോടതികൾ സ്വീകരിക്കണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ കോടതിക്കും മുമ്പാകെയുള്ള 10 ജാമ്യാപേക്ഷകൾക്കൊപ്പം ഓരോ ദിവസവും 10 ട്രാൻസ്ഫർ പെറ്റീഷനുകൾ ലിസ്റ്റ് ചെയ്യാൻ അദ്ദേഹം നിർദേശിച്ചു.

കടലാസില്ലാത്ത കോടതികൾ എന്ന ആശയത്തിനുവേണ്ടി ​പ്രയത്നിച്ചു. പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഭാഷകർക്കായി ഇ-ഫയലിങ് ആരംഭിച്ചു. നിയമ പുസ്തകങ്ങൾക്ക് പകരം ഡിജിറ്റൽ ലൈബ്രറികൾ സ്ഥാപിച്ചു.

തടസ്സങ്ങളില്ലാത്ത വിഡിയോ കോൺഫറൻസിങ് നടത്താൻ ജഡ്ജിമാർക്കായി കോടതിമുറിയുടെ ചുവരിൽ 120 ഇഞ്ച് സ്‌ക്രീൻ സ്ഥാപിച്ചു. ഇങ്ങനെ കോടതിയിലെത്തുന്നവർക്ക് എളുപ്പത്തിലും ലളിതമായും നീതി ലഭിക്കേണ്ട ആവശ്യകത അദ്ദേഹം മനസ്സിലാക്കുകയും പ്രവർത്തികമാക്കുകയും ചെയ്തു.

Tags:    
News Summary - Important judgments of Chief Justice Chandrachud who resigned yesterday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.