ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെ കുറിച്ച് അന്വേഷണം പുരോഗമിക്കെ പുറത്തുവരുന്നത് പരീക്ഷ നടത്തിപ്പിലെയും ചോദ്യപ്പേപ്പർ സുരക്ഷയിലെയും വീഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ. ഝാർഖണ്ഡിൽ ചോദ്യപ്പേപ്പർ കൊണ്ടുപോകാൻ ചുമതലയുണ്ടായിരുന്ന കൊറിയർ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ബിഹാറിൽ നിന്നുള്ള അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അതീവ സുരക്ഷയിൽ സൂക്ഷിക്കുകയും കൊണ്ടുപോകുകയും ചെയ്യേണ്ട ചോദ്യപ്പേപ്പറുകൾ ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയത്. ബാങ്കിന്‍റെ സ്ട്രോങ്റൂമിൽ സൂക്ഷിക്കേണ്ട ചോദ്യപ്പേപ്പറുകൾ കൊറിയർ കമ്പനിയുടെ സബ് സെന്‍ററിൽ സൂക്ഷിച്ചതായും വിവരം ലഭിച്ചു.
ബിഹാറിൽ ചോദ്യപ്പേപ്പർ ചോർന്നുവെന്നതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന ബിഹാർ സർക്കാറിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന സംഘമാണ് ഝാർഖണ്ഡിലെ ഹസാരിബാഗിൽ കൊറിയർ കമ്പനിയുടെ വീഴ്ച കണ്ടെത്തിയത്. ബിഹാറിൽ ചോർന്നുകിട്ടിയ ചോദ്യപ്പേപ്പർ കത്തിച്ച് നശിപ്പിച്ചതിന്‍റെ അവശിഷ്ടങ്ങളിൽ നിന്നും അന്വേഷണ സംഘത്തിന് ബാർകോഡ് ലഭിച്ചിരുന്നു. ഇത് ഝാർഖണ്ഡിലെ ഹസാരിബാഗിൽ വിതരണം ചെയ്ത ചോദ്യപ്പേപ്പറിന്‍റെ ബാർകോഡാണെന്ന് കണ്ടെത്തി. തുടർന്നാണ് ബിഹാറിലെ അന്വേഷണ സംഘം ഹസാരിബാഗിലെത്തിയത്.
റാഞ്ചിയിൽ നിന്ന് ഹസാരിബാഗിലേക്ക് ചോദ്യപ്പേപ്പർ കൊണ്ടുവരാൻ ചുമതലപ്പെട്ട കൊറിയർ കമ്പനി വീഴ്ചവരുത്തിയെന്നാണ് ഇവർ കണ്ടെത്തിയത്. ചോദ്യപ്പേപ്പർ രണ്ട് പൊതുമേഖല ബാങ്കിന്‍റെ സ്ട്രോങ് റൂമിലായിരുന്നു സൂക്ഷിക്കേണ്ടിയിരുന്നത്. എന്നാൽ, ഹസാരിബാഗിലെത്തിച്ചതിൽ ഒമ്പത് പാക്കറ്റ് ചോദ്യപ്പേപ്പർ ബാങ്കിലേക്ക് കൊണ്ടുപോകുന്നതിന് പകരം കൊറിയർ കമ്പനിയുടെ ഒറിയ എന്ന സ്ഥലത്തെ സബ് സെന്‍ററിലേക്കാണ് കൊണ്ടുപോയത്. ഇവിടെ നിന്ന് പിന്നീട് ബാങ്കിന്‍റെ സ്ട്രോങ്റൂമിലേക്ക് കൊണ്ടുപോയതാകട്ടെ ഒരു ഓട്ടോറിക്ഷയിലും. പരീക്ഷ നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് മേയ് മൂന്നിനായിരുന്നു ഇത്. വളരെ ലാഘവത്തോടെയാണ് കൊറിയർ കമ്പനി ചോദ്യപ്പേപ്പർ കൈകാര്യം ചെയ്തതെന്നും ഇത്തരത്തിൽ ചോദ്യപ്പേപ്പർ കൈവശംവെച്ച ഏതെങ്കിലുമൊരു കേന്ദ്രത്തിൽ നിന്ന് ചോരാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
നീറ്റ്-യു.ജി ചോദ്യക്കടലാസ് ബിഹാറിൽ ചോർന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരിക്കുകയാണ്. ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേന്ദ്ര സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ, ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ചോർച്ച വ്യക്തമായെന്നും അന്തർ സംസ്ഥാന സംഘത്തിന്റെ പങ്കാളിത്തം ഇതിന് പിന്നിലുണ്ടെന്നും പറയുന്നു. ബിഹാറിലെ കുപ്രസിദ്ധമായ ‘സോൾവർ ഗ്യാങ്ങിന്’ പങ്കുണ്ടെന്ന് സംശയിക്കുന്നതായും കേന്ദ്രത്തിന് നൽകിയ ആറുപേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പടെ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പരാതിയിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.