ന്യൂഡൽഹി: മധ്യപ്രദേശിലെ ദേവാസിൽ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് കാണിച്ചുനൽകിയില്ലെന്ന പേരിൽ 45കാരനായ മുസ്ലിം കച്ചവടക്കാരന് ക്രൂരമർദനം. വ്യാഴാഴ്ചയാണ് സംഭവം.
സഹീർ ഖാനാണ് ക്രൂരമർദനമേറ്റത്. അംലതാസ് സ്വദേശിയാണ് ഇദ്ദേഹം. 60 കിലോമീറ്റർ അകലെയുള്ള ദേവാസ് നഗരത്തിൽ ബിസ്ക്കറ്റ് കച്ചവടമാണ് സഹീർ ഖാന്‍റെ തൊഴിൽ. വ്യാഴാഴ്ച രണ്ടുപേർ സഹീറിന്‍റെ സമീപമെത്തുകയും ആക്രോശിച്ച ശേഷം ആധാർ കാർഡ് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ആധാർ വീട്ടിലായിരുന്നതിനാൽ സഹീറിന് കാണിക്കാൻ കഴിഞ്ഞില്ല. തുടർന്ന് വടിയും ബെൽറ്റും ഉപയോഗിച്ച് സഹീറിനെ മർദിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കൈയ്ക്കും കാലിനും പരിക്കേറ്റു.
മർദനത്തെ തുടർന്ന് സഹീർ ഖാൻ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രദേശത്ത് ഇനി കച്ചവടം നടത്തരുതെന്നും വീണ്ടും ഇവിടെ വരരുതെന്നും ഇരുവരും ഭീഷണി മുഴക്കിയതായും സഹീറിന്‍റെ പരാതിയിൽ പറയുന്നു. സംഭവത്തിന് നിരവധി പേർ സാക്ഷിയായിരുന്നുവെങ്കിലും ആരും തന്നെ സഹായിക്കാൻ ശ്രമിച്ചില്ലെന്നും പരാതിയിലുണ്ട്. മർദിച്ചവരുടെ പേരുവിവരങ്ങൾ അറിയില്ലെങ്കിലും പ്രതികളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് സഹീർ ഖാൻ പറഞ്ഞതായി അഡീഷനൽ പൊലീസ് സൂപ്രണ്ട് സൂര്യകാന്ത വർമ പറഞ്ഞു.
അേന്വഷണത്തിൽ ബോർലി സ്വേദശികളാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തി. അക്രമത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.