ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അണ്ണാ ഡി.എം.കെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശത്തിൽ ബി.ജെ.പിക്ക് അസംതൃപ്തി. തമിഴ്നാട്ടിലെ പ്രധാനസഖ്യകക്ഷി മോദി സർക്കാറിന്‍റെ ഒരു അഭിമാന നീക്കത്തിനെതിരെ നിലപാടെടുക്കുന്നതിൽ ബി.ജെ.പിക്ക് കടുത്ത അമർഷമുണ്ട്.
പൗരത്വ ഭേദഗതി നിയമം (സി.എ.എ) പിൻവലിക്കണമെന്ന് കേന്ദ്രസർക്കാറിൽ സമ്മർദംചെലുത്തുമെന്നാണ് അണ്ണാ ഡി.എം.കെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നത്. നേരത്തെ, പാർലെമൻറിൽ സി.എ.എക്ക് അനുകൂലമായി അണ്ണാ ഡി.എം.കെ വോട്ട് ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ എതിരായാൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയാണ് സി.എ.എക്ക് എതിരായി സമ്മർദം ചെലത്തുമെന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ അണ്ണാ ഡി.എം.കെയെ ഇപ്പോൾ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
പ്രധാന എതിരാകളികളായ ഡി.എം.കെയുടെ പ്രകടനപത്രികയിൽ സി.എ.എ വിരുദ്ധ നിലപാടുൾപ്പെടുത്തിയതും അണ്ണാ ഡി.എം.കെയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സി.എ.എ പിൻവലിക്കാൻ സമ്മർദം ചെലുത്തുമെന്ന് അണ്ണാ ഡി.എം.കെ പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളിൽ ഇപ്പോൾ ആശങ്ക നിലനിൽക്കുന്നതിനാലാണ് നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാറിൽ സമ്മർദംചെലുത്തുമെന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതെന്ന് അണ്ണാ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി പറഞ്ഞു.
സി.എ.എ നിയമത്തെ ആർക്കുവേണമെങ്കിലും എതിർക്കാമെന്നും എന്നാൽ, പിൻവലിക്കുന്ന പ്രശ്നമില്ലെന്നും പ്രകടനപത്രികയിൽ ഇത് ഉൾപ്പെടുത്തിയത് സംബന്ധിച്ച് അണ്ണാ ഡി.എം.കെ നേതൃത്വവുമായി ആശയവിനിമയം നടത്തുമെന്നും തമിഴ്നാടിെൻറ ചുമതല വഹിക്കുന്ന ബി.ജെ.പി കോഒാഡിനേറ്റർ സി.ടി. രവി പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു വിഷയം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതെന്ന് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെയുമായി സംസാരിക്കുമെന്നും മഹിളമോർച്ച ദേശീയ അധ്യക്ഷയും ബി.ജെ.പി കോയമ്പത്തൂർ സൗത്ത് സ്ഥാനാർഥിയുമായ വാനതി ശ്രീനിവാസൻ പറഞ്ഞു.
അണ്ണാ ഡി.എം.കെ-ബി.ജെ.പി മുന്നണിയിൽ സി.എ.എ സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഡി.എം.കെയടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചയാക്കിയാൽ തമിഴ്നാട്ടിൽ ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ അജണ്ടക്ക് പ്രചാരണത്തിൽ വളരെയധികമൊന്നും മുന്നോട്ട് പോകാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.