പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി വിധി തിങ്കളാഴ്ച

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. നിയമസംവിധാനത്തിനും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്കും എതിരായി ട്വീറ്റ് ചെയ്തതിനാണ് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. കേസിൽ വാദം പൂർത്തിയായിരുന്നു.

താൻ മാപ്പു പറയില്ലെന്ന നിലപാട് ചൊവ്വാഴ്ച നടന്ന അവസാന വാദത്തിലും പ്രശാന്ത് ഭൂഷൺ ആവർത്തിച്ചിരുന്നു. മാപ്പ് പറയുന്നതിന് മൂന്ന് ദിവസം കോടതി സമയം നൽകിയിരുന്നെങ്കിലും പ്രശാന്ത് ഭൂഷൺ വഴങ്ങിയിരുന്നില്ല.

ഉത്തമബോധ്യത്തോടെയാണ്‌ വിമർശനമുന്നയിച്ചത്‌‌. ഖേദം പ്രകടിപ്പിച്ചാൽ മനഃസാക്ഷിയെയും സുപ്രീംകോടതിയെയും അവഹേളിക്കുന്നതിന്‌ തുല്യമാകും. മാപ്പുപറയാൻ നിർബന്ധിക്കുന്നത്‌ ശരിയല്ലെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരുന്നു. താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ രീതിയിലുള്ള എന്ത് ശിക്ഷയും അനുഭവിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ബി.ജെ.പി നേതാവിന്‍റെ മകന്‍റെ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്കും ഹെൽമറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു പ്രശാന്ത് ഭൂഷൺ കഴിഞ്ഞ ജൂൺ 29ന് ട്വീറ്റ് ചെയ്തത്. ഇതിന് പുറമേ സുപ്രീംകോടതിയെ വിമർശിച്ച് ജൂൺ 27ന് മറ്റൊരു ട്വീറ്റും ഇട്ടിരുന്നു. ട്വീറ്റുകൾ നീതിപീഠത്തെ അവഹേളിക്കലാണ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.