ന്യൂഡൽഹി: ഖാർകിവ് നാഷനൽ യൂനിവേഴ്സിറ്റിയിലെ തന്റെ ബാച്ച്മേറ്റായ നവീനിനെപ്പോലെ അന്നേരം ഭക്ഷണം വാങ്ങാൻ കടയിലേക്ക് ഇറങ്ങിയതായിരുന്നു കൊല്ലം കരുനാഗപ്പള്ളിയിലെ അമീറും. നവീൻ നിന്ന കെട്ടിടത്തിനടുത്ത് റഷ്യൻ ഷെൽ വീണപ്പോൾ അപ്പുറത്തൊരു കടയിൽ സാധനം വാങ്ങുകയായിരുന്ന അമീർ സ്ഫോടനശബ്ദം കേട്ട് ശ്രമം ഉപേക്ഷിച്ച് മെട്രോ സ്റ്റേഷനിലേക്ക് തിരിച്ചോടി. അൽപം കഴിഞ്ഞപ്പോഴറിഞ്ഞു, ആക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടുവെന്ന്. ഭാഗ്യംകൊണ്ടു മാത്രമാണ് താൻ ജീവനോടെ ബാക്കിയായതെന്ന് ഇപ്പോൾ അമീർ പറയുന്നു.
റഷ്യ ഷെല്ലാക്രമണം തുടങ്ങിയ ദിവസം രാവിലെ ഹോസ്റ്റലിൽനിന്ന് എല്ലാവരും മെട്രോയിലേക്കു പോയത് ഉച്ചയോടെ എല്ലാം കഴിഞ്ഞ് തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ്. എന്നാൽ, അത് ദിവസങ്ങളോളം നീണ്ടു. നവീൻ കൊല്ലപ്പെട്ട ദിവസം പൊതുവെ സമാധാനാന്തരീക്ഷമായിരുന്നു. അങ്ങനെയാണ് ഭക്ഷണം വാങ്ങാൻ ഇറങ്ങിയത്. എന്നാൽ, കണക്കുതെറ്റിച്ച് റഷ്യൻ ആക്രമണം നടക്കുകയും നവീൻ കൊല്ലപ്പെടുകയും ചെയ്തു. അതോടെ എത്രയും പെട്ടെന്ന് ഖാർകിവ് വിടാൻ തീരുമാനിച്ചു. 10 കിലോമീറ്ററെങ്കിലും സഞ്ചരിക്കാതെ റെയിൽവേ സ്റ്റേഷനിലെത്താൻ പറ്റില്ല. റോഡിലൂടെ പോയാൽ മിസൈലും ഷെല്ലും പതിക്കാം. യുക്രെയ്ൻ സേന റഷ്യൻ സേനയെ നേരിടുന്നതും രാത്രിയിലാണ്.
രാത്രി ആര് പുറത്തിറങ്ങിയാലും യുക്രെയ്ൻ സേന തന്നെ വെടിവെക്കാം. അതിനാൽ രാത്രി ഭൂഗർഭ മെട്രോ റെയിൽപാതയുടെ ടണലിനകത്തുകൂടെ നടക്കാനാണ് തീരുമാനിച്ചത്. നാലു മണിക്കൂർ നടന്നാണ് 50ഓളം മലയാളി വിദ്യാർഥികൾ 10 കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിലെത്തിയത്. ഷെല്ലുകളും മിസൈലുകളും വർഷിക്കുന്നതിന്റെ കോലാഹലം ഭൂഗർഭ പാതയിലും അറിയുന്നുണ്ടായിരുന്നു. രാവിലെ ലീവിവിലേക്കുള്ള ട്രെയിനിൽ കയറിപ്പറ്റാൻ യുക്രെയ്ൻ പൊലീസിന് പണം കൊടുക്കേണ്ടിവന്നു. പണമില്ലാത്തവർക്ക് ലാപ്ടോപ്പും മറ്റും കൈക്കൂലിയായി നൽകേണ്ടിവന്നു. എന്നിട്ടും സീറ്റുപോലും കിട്ടാതെ 20 മണിക്കൂർ ഒരേ നിൽപിൽ നിന്നാണ് പല മലയാളികളും ലീവിവിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.