ലഖ്നോ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഭർത്താവ്. ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നും തന്‍റെ വിവാഹബന്ധം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ വനിത സംരക്ഷണ സമിതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
'ദിവസവും കുളിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് വിവാഹമോചനം തേടിയതായി യുവതി രേഖാമൂലം പരാതി നൽകി. ഞങ്ങൾ ദമ്പതികളെയും അവരുടെ മാതാപിതാക്കളെയും കൗൺസലിങ്ങിന് വിധേയമാക്കി' -വനിത സംരക്ഷണ സമിതി അംഗങ്ങളിലൊരാൾ പറഞ്ഞു.
ചന്ദൗസ് ഗ്രാമത്തിൽനിന്നുളള യുവാവ് രണ്ടുവർഷം മുമ്പാണ് ഖ്വാർസി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു കുട്ടിയുമുണ്ട്. ഭാര്യയുടെ പരാതിയിൽ വിളിപ്പിച്ചപ്പോഴും വിവാഹമോചനം വേണമെന്ന് ഭർത്താവ് ആവർത്തിച്ചതായി സമിതി അംഗങ്ങൾ പറയുന്നു. കൂടാതെ യുവതിയിൽനിന്ന് നിയമപരമായ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയതായും അവർ പറഞ്ഞു.
ഭാര്യയോട് കുളിക്കാൻ ആവശ്യപ്പെടുന്നതോടെ ഇരുവരും തമ്മിൽ ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത് സമാധാന അന്തരീക്ഷം തകർക്കുന്നുവെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. തുടർന്നാണ് ദമ്പതികളെയും ഇരുവരുടെയും മാതാപിതാക്കളെയും വനിത സംരക്ഷണ സമിതി കൗൺസലിങ്ങിന് വിധേയമാക്കിയത്. ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് യുവതി അധികൃതരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.